10:58am 04 September 2026
NEWS
അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വിരലടയാള പരിശോധന തുടങ്ങി
04/09/2026  08:00 AM IST
nila
അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വിരലടയാള പരിശോധന തുടങ്ങി

യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ കൊല്ലപ്പെട്ട രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വിരലടയാള പരിശോധന തുടങ്ങി.  മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നത്. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പരിശോധനാ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് വിവരം.

തിരിച്ചറിയൽ നടപടികൾ പൂർത്തിയായാൽ മൃതദേഹങ്ങൾ ഫ്യൂനറൽ ഹോമിലേക്ക് മാറ്റും. നാട്ടിലേക്ക് കൊണ്ടുവരുന്നതിനായി മൃതദേഹങ്ങൾ വിട്ടുനൽകുന്നതും എംബാമിങ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതും ഫ്യൂനറൽ ഹോമിലായിരിക്കും. രണ്ടുദിവസത്തിനകം ഈ നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതശരീരങ്ങൾ ഫ്യൂനറൽ ഹോമിലേക്ക് മാറ്റിയ ശേഷമായിരിക്കും ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങുക. അതേസമയം, കേസിലെ അന്വേഷണം വേഗത്തിൽ പുരോഗമിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

അഞ്ജനയും കേസിൽ അറസ്റ്റിലായ ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനിലയും (32) മിൽപീറ്റസിലെ അപ്പാർട്മെന്റുകളിലായിരുന്നു താമസം. ആൻ മേരി മാത്യു മിൽപീറ്റസിൽനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള സാൻ ഹൊസെയിലായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ കുത്തേറ്റാണ് ആൻ മേരി കൊല്ലപ്പെട്ടത്. പിന്നാലെ കഴിഞ്ഞമാസം 28ന് മിൽപീറ്റസിലെ അപ്പാർട്മെന്റിന് താഴെയുള്ള പാർക്കിങ് ഏരിയയിൽ വാഹനമിടിച്ച നിലയിലാണ് അഞ്ജനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും മരണത്തിന് പിന്നിലെ കാരണം വ്യക്തമാകാത്തത് കേസിൽ ദുരൂഹത തുടരാൻ കാരണമാകുന്നു.

മൂന്നു കുടുംബങ്ങളും അടുത്ത ബന്ധം പുലർത്തിയിരുന്നവരാണെന്നും ഓണാഘോഷം ഉൾപ്പെടെ ഒരുമിച്ചാണ് നടത്തിയിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫിസും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസും ഇടപെടുന്നുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് രണ്ടാഴ്ചയോളം സമയം വേണ്ടിവന്നേക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img