04:21pm 15 June 2026
NEWS
പശ്ചിമ ബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ടത് സന്ദീപ് നായർ എന്ന മലയാളി യുവാവെന്ന് സൂചന
15/06/2026  12:41 PM IST
nila
പശ്ചിമ ബംഗാളിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ടത് സന്ദീപ് നായർ എന്ന മലയാളി യുവാവെന്ന് സൂചന

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സൂചന. ന്യൂസ് 18 ബംഗ്ലാ പുറത്തുവിട്ട റിപ്പോർട്ടും പൊലീസ് ശേഖരിച്ച പ്രാഥമിക വിവരങ്ങളുമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. സന്ദീപ് നായർ എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മരിച്ചയാളുടെ വ്യക്തിത്വം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

ജൂൺ 9-ന് സൗത്ത് 24 പർഗനാസ് ജില്ലയിലെ കുൽത്താലി മേഖലയിലെ സാങ്കിജഹാൻ പ്രദേശത്താണ് സംഭവം നടന്നത്. യുവാവ് താമസിച്ചിരുന്ന വീടിന്റെ ഉടമയാണ് ഇയാളെ "സന്ദീപ് നായർ" എന്ന് തിരിച്ചറിഞ്ഞതായി പ്രാദേശിക പൊലീസ് അറിയിച്ചു. എന്നാൽ കേരളത്തിലെ ബന്ധപ്പെട്ട അധികാരികളുമായി നടത്തിയ പരിശോധനയിൽ ഈ പേരും വിലാസവും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യുവാവിന്റെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.

ജോലി ആവശ്യാർത്ഥം കേരളത്തിൽ നിന്ന് കുൽത്താലിയിലെത്തിയ യുവാവ് ഏതാനും ആഴ്ചകളായി അവിടെ താമസിച്ചുവരികയായിരുന്നു. ഒരു ദിവസം പ്രാദേശിക മാർക്കറ്റിൽ പോയി മടങ്ങുന്നതിനിടെ വഴിതെറ്റി മറ്റൊരു പ്രദേശത്ത് എത്തിപ്പെട്ടതായാണ് റിപ്പോർട്ട്. പരിചയമില്ലാത്ത ഒരാൾ പ്രദേശത്ത് അലഞ്ഞുതിരിയുന്നതായി കണ്ട നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.

ബംഗാളി ഭാഷ അറിയാത്തതിനാൽ സ്വന്തം സാഹചര്യത്തെക്കുറിച്ച് നാട്ടുകാർക്ക് വിശദീകരിക്കാൻ യുവാവിന് കഴിഞ്ഞില്ല. ഇതോടെ ഇയാളെ മോഷ്ടാവെന്ന് ആരോപിച്ച ആൾക്കൂട്ടം കയറുകൊണ്ട് കെട്ടിയിട്ട് മർദിച്ചതായാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോയിൽ, താൻ നിരപരാധിയാണെന്നും വിട്ടയക്കണമെന്നും യുവാവ് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ല ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് ചിലർ രക്ഷപ്പെടുത്തി ജോയ്നഗർ-കുൽത്താലി ഗ്രാമീണ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയ പൊലീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ ജൂൺ 14-ന് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരും ഉൾപ്പെടുന്നു. മൂന്ന് പേരെ ഭാരതീയ ന്യായ സംഹിത വകുപ്പ് 103 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മരിച്ച യുവാവിന്റെ വ്യക്തിത്വം സ്ഥിരീകരിക്കുന്നതിനും സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img