
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ തൃശ്ശൂർ സ്വദേശിനി സുഫ്ന ജാസ്മിനാണ് കേരളത്തിനായി ആദ്യ സ്വർണം നേടിയത്. വനിതാ ഭാരോദ്വഹനം വിഭാഗത്തിലാണ് സുഫ്‌ന ജാസ്മിൻ ചാമ്പ്യനായത്. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് സുഫ്ന സുവർണ നേട്ടം കരസ്ഥമാക്കുന്നതിന് തൊട്ടുമുമ്പ് ഭാരം വില്ലനാകുമെന്ന ആശങ്കയും ഉയർന്നിരുന്നു. മുടിവരെ മുറിച്ചാണ് സുഫ്ന ജാസ്മിൻ ഭാരം ക്രമീകരിച്ചതും മത്സരത്തിൽ സ്വർണം നേടിയതും.
മത്സരത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് 150 ഗ്രാം ഭാരം അധികമുണ്ടെന്നു കണ്ടെത്തിയത്. ഇതോടെ ഭാരം കുറയ്ക്കാനായി ഇരുപത്തിരണ്ടുകാരിയായ സുഫ്ന മുടി മുറിച്ചു. ഇതിനു പുറമേ ഭക്ഷണം നിയന്ത്രിച്ചും കടുത്ത വ്യായാമങ്ങൾ ചെയ്തുമാണ് താരം ഭാരം നിശ്ചിത പരിധിയിൽ നിയന്ത്രിച്ചുനിർത്തിയത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ബിരുദ വിദ്യാർഥിനിയാണ് സുഫ്ന. തൃശൂർ മരോട്ടിച്ചാൽ സ്വദേശിനിയായ സുഫ്ന, വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. 11 മണിക്കു നടക്കേണ്ട മത്സരത്തിനു മുന്നോടിയായി ഭാരപരിശോധന നടത്തേണ്ടത് രാവിലെ ഒൻപതിനായിരുന്നു. ഇതിനു മുന്നോടിയായി ഭാരം പരിശോധിച്ചപ്പോഴാണ് 150 ഗ്രാം അധികമാണെന്നു കണ്ടെത്തിയത്. ഇതോടെ മുടി പോലും മുറിച്ചാണ് ഭാരം കൃത്യമാക്കിയത്. ഇന്നലെ പരിശോധിക്കുന്ന സമയത്ത് 1.5 കിലോഗ്രാം ഭാരം അധികമായിരുന്നുവെന്നും തുടർന്ന് കടുത്ത ഭക്ഷണനിയന്ത്രണത്തിലൂടെയും കഠിനമായ വ്യായാമങ്ങൾ ചെയ്തുമാണ് ഭാരം നിയന്ത്രിച്ചതെന്ന് പരിശീലകയായ ചിത്ര ചന്ദ്രമോഹൻ വ്യക്തമാക്കി.