10:12pm 22 September 2026
NEWS
‘മോദി–വിഡി–ഇഡി’ കൂട്ടുകെട്ട്; കേരളം ഭരിക്കുന്നത് സംഘപരിവാറിന്റെ ബി ടീമെന്ന് എംവി ഗോവിന്ദൻ
22/09/2026  08:45 PM IST
nila
‘മോദി–വിഡി–ഇഡി’ കൂട്ടുകെട്ട്; കേരളം ഭരിക്കുന്നത് സംഘപരിവാറിന്റെ ബി ടീമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളം ഭരിക്കുന്നത് സംഘപരിവാറിന്റെ ബി ടീമാണെന്ന ആരോപണം ആവർത്തിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി വി.ഡി. സതീശൻ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരടങ്ങുന്ന കൂട്ടുകെട്ടാണ് നിലവിലുള്ളതെന്നും ആരോപിച്ചു.

‘മോദിയും വിഡിയും ഇഡിയും’ ചേർന്നുള്ള കൂട്ടുകെട്ടിനെയാണ് താൻ സംഘപരിവാർ ബി ടീം എന്ന് വിശേഷിപ്പിച്ചതെന്ന് എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരെ ബിജെപി നിലപാട് സ്വീകരിക്കുകയാണെന്നും അതിന് കേരളത്തിലെ യുഡിഎഫ് സർക്കാർ പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സമാനമായ നിർദേശങ്ങൾ നേരത്തെ ഇഡി തമിഴ്നാട്, പഞ്ചാബ് സർക്കാരുകൾക്ക് നൽകിയിരുന്നെങ്കിലും അവിടുത്തെ സർക്കാരുകൾ അത് അംഗീകരിച്ചില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ കേരളത്തിലെ യുഡിഎഫ് സർക്കാർ ഇഡിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും കേസിന്റെ ഭാഗമാക്കുന്നതിനായി ബോധപൂർവമായ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. 

എംവി ഗോവിന്ദന്റെ വാക്കുകളിലേയ്ക്ക്

'ഇടതുപക്ഷത്തിനെതിരായ കോലിബി സഖ്യം വീണ്ടും വരുന്നുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ ആരംഭിച്ച ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഭരണതലത്തിൽ തീവ്രമായി തുടരുകയാണ്. മാസപ്പടി കേസ് ആരംഭിച്ച ഘട്ടത്തിൽ തന്നെ ഇത് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നതാണ്. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഇഡിയുണ്ടാക്കിയ ഓരോ മൊഴികളും പിൻവലിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പിൻവലിക്കപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുക എന്നത് കേട്ടുകേഴ്‌വിയില്ലാത്ത നടപടിയാണ്.

സത്യപ്രതിജ്ഞാ ചടങ്ങിലും നയപ്രഖ്യാപനത്തിലും ബഡ്ജറ്റ് പ്രസംഗത്തിലും കേന്ദ്ര നയങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നതും ബിജെപിക്ക് വഴങ്ങുന്നതുമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ എസ്എഫ്ഐ വൻ വിജയം കരസ്ഥമാക്കിയ പശ്ചാത്തലത്തിലാണ്. ഗവർണറുടെ ഉത്തരവ് അനുസരിച്ചാണ് കേരള സർവകലാശാല ഇത്തരം ജനാധിപത്യവിരുദ്ധ നിലപാടുകളിലേക്ക് കടക്കുന്നത്. സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ നീക്കങ്ങളെ പൂർണമായി ന്യായീകരിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പരസ്യമായി യുഡിഎഫിനെ പിന്തുണച്ച് രംഗത്ത് വരുന്നു. ഇഡിയുടെ നിർദേശപ്രകാരം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഈ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. കേരളത്തിൽ ഇടതുപക്ഷത്തിനെതിരായാണ് ബിജെപി-കോൺഗ്രസ് സഖ്യം പ്രവർത്തിക്കുന്നത്. ഈ രാഷ്ട്രീയ വേട്ടയെ പാർട്ടി ശക്തമായി പ്രതിരോധിക്കും'.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img