01:14pm 04 October 2026
NEWS
വനിതകൾക്ക് 10 ലക്ഷം രൂപ വരെ നൽകാൻ സംസ്ഥാന സർക്കാർ; ‘ദാക്ഷായണി’ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയാം..
04/10/2026  10:41 AM IST
nila
 വനിതകൾക്ക് 10 ലക്ഷം രൂപ വരെ നൽകാൻ സംസ്ഥാന സർക്കാർ; ‘ദാക്ഷായണി’ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയാം..

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയംതൊഴിലിലൂടെ വരുമാനം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘ദാക്ഷായണി’ എന്ന പേരിലാണ് സ്വയംതൊഴിൽ സഹായപദ്ധതി നടപ്പാക്കുന്നത്. സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും പദ്ധതിയിലൂടെ ധനസഹായം ലഭിക്കും.

ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലെ ഏക ദളിത് വനിതയും പ്രമുഖ സാമൂഹിക പരിഷ്കർത്താവുമായിരുന്ന ദാക്ഷായണി വേലായുധനോടുള്ള ആദരസൂചകമായാണ് പദ്ധതിക്ക് ‘ദാക്ഷായണി’ എന്ന പേര് നൽകിയത്.

കുറഞ്ഞത് അഞ്ച് വനിതകൾ അംഗങ്ങളായ സ്വയംസഹായ സംഘങ്ങൾക്കാണ് പദ്ധതിയിൽ അപേക്ഷിക്കാനാകുക. ജില്ലാ റജിസ്ട്രാർ ഓഫിസിലോ കുടുംബശ്രീ സംവിധാനത്തിലോ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘങ്ങളായിരിക്കണം അപേക്ഷകർ.

15 ലക്ഷം രൂപവരെ മുതൽമുടക്കുള്ള പദ്ധതികൾക്ക് പദ്ധതിച്ചെലവിന്റെ 75 ശതമാനം വരെ ധനസഹായം ലഭിക്കും. പരമാവധി 10 ലക്ഷം രൂപയാണ് അനുവദിക്കുക. അർഹരായ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് തുക നൽകുക. രണ്ട് ഗഡുക്കളായാണ് ധനസഹായം അനുവദിക്കുന്നത്.

അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന സംരംഭത്തിന്റെ വിശദാംശങ്ങളും മറ്റ് രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സംരംഭങ്ങളുടെ പ്രവർത്തനവും പുരോഗതിയും സർക്കാർ നേരിട്ട് വിലയിരുത്തും.

പദ്ധതിയുടെ അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും ലഭിക്കുന്നതിന് ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img