02:11pm 03 September 2026
NEWS
കേരളാ ലഹരി
01/04/2025  11:48 AM IST
സുന്ദർജി
കേരളാ ലഹരി

ഒന്നാംവട്ടം വന്നപ്പം കാരണഭൂതനു കിണ്ടാണ്ടം
രണ്ടാംവട്ടം വന്നപ്പം ക്യാപ്റ്റനു മിണ്ടാണ്ടം
മൂന്നാംവട്ടം വന്നാട്ടെ ഒരു ചെങ്കൊടിത്തണലിൽ എന്ന നിലയിലേക്കു കാര്യങ്ങൾ മുന്നോട്ടു പോകുന്നു എന്നാണ് കൊല്ലം സമ്മേളനത്തിന്റെ സൂചന.
ദീപാവലി കഴിഞ്ഞ് അടുത്ത വെളുപ്പിന് ചീറ്റലും, പൊട്ടലും എന്നപോലെ ചില ശബ്ദ കോലാഹലങ്ങൾ അവിടവിടെ ഉയരുന്നെങ്കിലും ഒന്നും കാര്യമാക്കേണ്ട. 
പത്തനംതിട്ടയിൽ ഒരു കൊമ്പൻ ചിന്നം വിളിച്ച് ആരെയോ ഉന്നം പിടിച്ചെങ്കിലും പാർട്ടിയിലെ അരുൺ സക്കറിയമാർ അടുത്ത ദിവസം തന്നെ മയക്കുവെടി വച്ച് കൂട്ടിലും പാട്ടിലും ആക്കി എന്നാണറിവ്. ഇപ്പൊ തീറ്റ എടുക്കുന്നുണ്ട്. തലേന്ന് ചിന്നം വിളിച്ചു പറഞ്ഞ കാര്യങ്ങളൊന്നും പുള്ളിക്ക് ഓർമ്മയില്ലത്രേ.
സതീശന്റെ ടീം വേണ്ട സഹായങ്ങൾ നൽകും        എന്നുറപ്പായിട്ടുണ്ട്. പിണറായിയും, ബിജെപിയും തമ്മിൽ ധാരണയെന്ന് സതീശനും കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് ധാരണയെന്നു പിണറായിയും ഞാനൊന്നുമറിഞ്ഞില്ലേ എന്നു സുരേന്ദ്രനും. ആകെ കുഴഞ്ഞു മറിഞ്ഞ ചുറ്റുപാടിൽ ഒരു പ്രതീക്ഷ. അൻവറും, തൃണമൂലും, അസംതൃപ്ത കോൺഗ്രസ്സ്, കേരള കോൺഗ്രസ്സ്(അസംതൃപ്തം) ടിക് 20 അല്ല ട്വൻറി ട്വൻറി, ഒറ്റയാൻ ശശി ഇത്യാദികൾക്ക് ഒരു കൈ നോക്കാവുന്നതേ ഉള്ളൂ. നവകേരളം ഇങ്ങെത്തിക്കഴിഞ്ഞു എന്നാണറിവ്. ഇനി ഒരടികൂടി. കുതിരയുടെ മുന്നിൽ പുല്ലു കെട്ടിത്തൂക്കി ഓടിക്കുന്ന പോലെ ജനം ദാ!ദാ! എത്തി എന്ന് പറഞ്ഞ് ഒരേ ഓട്ടം. അപ്പൊഴാണ് ഉത്തര ഭാരതത്തിൽ നിന്ന് നവ ഫാസിസത്തിന്റെ വരവ്. ഫാസിസമാണോ അതോ ഫാസിസത്തിന്റെ ഛായയാണോ എന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല. ഛായയാണെന്നു വലിയേട്ടനും, അല്ല ഫാസിസം തന്നെയെന്ന്  കുഞ്ഞേട്ടനും. അല്ലെങ്കിലും ഏട്ടൻമാരുടെ ഭരണത്തിലേ ഉള്ളു ഒരുമ. ബാക്കിയെല്ലാം രണ്ടടുപ്പാണേ! എലപ്പുള്ളി          ആയാലും, വിദേശ സർവകലാശാലയായാലും, ഫാസിസമായാലും എല്ലാം ഇനി മദ്യത്തിന്റെ കാര്യത്തിലും തഥൈവ.
വിശ്വേട്ടൻ പറയുന്നത് വീട്ടിലിരുന്നാവാം എന്നാണ്. ഗോവിന്ദൻ മാഷിന് അണികളടിക്കാം നേതാക്കളരുത് എന്നൊരഭിപ്രായം ഉണ്ട്. മൂർത്തതയുടെ കാഠിന്യം കൂടുന്നതനുസരിച്ച് രാവിലെ പറഞ്ഞതായിരിക്കില്ല വൈകിട്ട്. അല്ലെങ്കിലും ഏതോ ഒരു വിദ്വാൻ പറഞ്ഞ പോലെ സന്ധ്യക്ക് ഏഴുമണി കഴിഞ്ഞ് അഭിപ്രായങ്ങൾ പറയുന്നത് സൂക്ഷിച്ചു വേണം എന്നാണ്. ലഹരിയുടെ അപഹാര കാലമാണത്രേ അപ്പോൾ. മാത്രമല്ല ചാനൽ മൂർത്തികൾ അഴിഞ്ഞാടുന്ന അസമയം കൂടിയാണ്.
എടാ മോനേ! മൂർത്തമായ ഈ കാലത്ത് നമ്മൾ അമൂർത്തമായ ചർച്ചകളിലേക്ക് വഴുതി വീഴരുത്. ശ്രദ്ധിക്കണം അമ്പാനേ! ഭൂമി പരന്നിരുന്ന ഒരമൂർത്ത കാലത്താണ് നമ്മൾ ഒരു മാന്യദേഹത്തിന്റെ ചെകിട് അടിച്ച് പൊട്ടിച്ചത്. എന്നുവച്ച് ഇപ്പം ഭൂമീ ഒന്നുരുണ്ട് കൊഴുത്തപ്പം ചെലപ്പൊ നമ്മൾ ആ മാന്യനെ വൈസ് ചാൻസലർ ആക്കി എന്നിരിക്കുമെടെ. നമ്മൾ ഇങ്ങനെ നോക്കിയിരിക്കണം. എപ്പഴാ ഭൂമി ഉരുളുന്നത്, എപ്പഴാ പരക്കുന്നത് എന്നറിയാനാവില്ല. കരുതിയിരുന്നില്ലെങ്കിൽ നവകേരളത്തിനു പകരം നവ ഫാസിസമായിരിക്കും കേറി വരുക.
ഓസ്‌കാറിൽ അനോറയ്ക്ക് ആശ, ഇന്ത്യൻ എൻട്രി അനുജയ്ക്കു നിരാശ എന്നൊരു ടാഗ് ലൈൻ കണ്ടു.
ഈയിടെ ആശാവർക്കർമാരുടെ സമരത്തെ ആസ്പദമാക്കി സി ഐടിയു നേതാവ് ഗോപിനാഥൻ സഖാവ് സംവിധാനം ചെയ്ത 'കുടയും, ഉമ്മയും' എന്ന ചിത്രം ഓസ്‌കാറിലേക്ക് അടുക്കുകയാണ്. സുരേഷ്‌ഗോപിയാണ് നായകൻ. അതേ സമരത്തിന്റെ പശ്ചാത്തലത്തിലാണ് നമ്മടെ കരീംക്കാ 'പാട്ടപ്പിരിവ്' എന്നൊരു നടകവും രചിച്ചത്. കെ ദാമോദരന്റെ പാട്ടബാക്കി ഒരു പ്രചോദനം ആയിരുന്നിരിക്കാം എന്നു തോന്നുന്നു. തെങ്ങിൽ കേറാൻ തണ്ടാൻ എന്നു പറഞ്ഞ പോലെ സമരം എന്നു പറയുന്നത് ഒരു കുലത്തൊഴിലാണ് അത് കണ്ട ആശമാർക്കു ചെയ്യാനുള്ളതല്ല എന്ന് ജനം തിരിച്ചറിയണം.
ആന, പുലി, കടുവ, കരടി ഇങ്ങനെ നാട്ടിലിറങ്ങാത്ത വന്യജീവികൾ കുറവാണ്. ഇവയെ ഒക്കെ മെരുക്കുക മയക്കുവെടി വയ്ക്കുക വരുതിയിലാക്കുക ഇതൊക്കയാണ് വനം വകുപ്പിന്റെ ഹോബി. അടുത്ത കാലത്താണ് ഒരു കോൺഗ്രസ്സ് കൊമ്പനെ രായ്കുരാമാനം മയക്കുവെടിവച്ച് ശശിയാക്കിയത്. പി.സി എന്ന മറ്റൊരു കൊമ്പനും ആനക്കൂട്ടിലാണ്. അൻവർ എന്ന മറ്റൊരു ഒറ്റയാൻ തത്കാലം റഡാറിനു പുറത്താണ്.
ആരിഫ് ഖാൻ പോയി ആർലേക്കർ വന്നതോടെ അമാവാസി പോയി പൗർണ്ണമി വന്ന ഇഫക്ടാണ് കേരളത്തിൽ സർക്കാരിന്. കേരളാഹൗസിൽ പ്രാതലൊരുക്കുന്നു, നിർമ്മല വരുന്നു എല്ലായിടത്തും. കാരണവരായി കെ.വി ഓടി നടക്കുന്നു. ഇരട്ടച്ചങ്കൻ ഇരട്ട എഞ്ചിനായി സിൽവർ ലൈനിലൂടെ ഓടും എന്നാണ് ഒരു ചാനലന്റെ പ്രവചനം.
 നവ ഫാസിസത്തെ തുരത്തി നവകേരള എക്‌സപ്രസ്സ്! എത്ര നല്ല സ്വപ്നങ്ങൾ. പുരുഷൻമാരുടെ മാറുമറയ്ക്കൽ സമരം എന്ന രീതിയിൽ ഒരു ആചാരലംഘനനടപടി തുടങ്ങിയിട്ടുണ്ട് അമ്പല പ്രവേശനത്തിലാണ് സംഭവം. നല്ല കാര്യം.
ഒന്നുമല്ലെങ്കിലും പുരുഷൻമാരുടെ മാറത്തും മുതുക ത്തും ഉള്ള ഉണ്ണിയും, അരിമ്പാറയും, തേമലും. വട്ട ച്ചൊറിയും കാണാതെ ഭഗവാനെ ദർശിക്കാമല്ലോ. ശരണം അയ്യപ്പാ!
അമേരിക്കൻ ഭരണകൂടത്തിനെതിരേ, ട്രംപിനെതിരേ ഒരു സമരം സഖാക്കൾ ഈയിടെ സംഘടിപ്പിച്ചിരുന്നു, കൊള്ളാം. പിറകേ ദാ രാജീവ് മന്ത്രി ട്രംപിനെക്കാണാൻ അമേരിക്കയിലേക്ക്. സ്വകാര്യ പങ്കാളിത്തം വ്യവസായങ്ങളിൽ ഉറപ്പാക്കാൻ. കോൺഗ്രസ്സിന്റെ കാര്യം അടുത്ത തെരഞ്ഞെടുപ്പിൽ ഗോവിന്ദാ!!!
കൊല്ലത്തെ കമ്യൂണിസ്റ്റ് പൊങ്കാലയ്ക്കു ശേഷം തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാല. ഒരിടത്ത് ചുവപ്പിന്റെ ലഹരി, മറുവശത്ത് ഭക്തിയുടെ ലഹരി. കേരളം മൊത്തം യുവാക്കളുടെ ലഹരി!

            

 

Photo Courtesy - subhash.kalloor

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.