07:36am 21 January 2025
NEWS
റൈറ്ററുടെ റൈറ്റിംഗ് അത്രപോര
റൂറൽ എസ്.പി. ഇതെന്ത് ഭാവിച്ചാ ?

20/07/2024  03:10 PM IST
News Desk
സാറേ...അതിപ്പോ ഓരോ കീഴ് വഴക്കങ്ങളാകുമ്പോൾ
HIGHLIGHTS

പിന്നിൽ സര്‍ക്കാരിലെ ചില ഉന്നതരുടെ താത്പര്യമുണ്ടെന്നും സൂചനയുണ്ട്. പ്രാരംഭഘട്ടത്തിൽ ഒരു പൊലീസ് ജില്ലയിൽ നടപ്പാക്കുന്ന പരിഷ്കാരം ക്രമേണ മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നതത്രേ

തിരുവനന്തപുരം : കാപ്പാ കേസ് സംബന്ധിച്ച നിര്‍ദ്ദേശങ്ങൾ ഇനി എസ്.എച്ച്.ഒമാര്‍ (ഇൻസ്പെക്ടര്‍ റാങ്ക്) തന്നെ നേരിട്ട് എഴുതണമെന്ന് തിരുവനന്തപുരം റൂറൽ എസ്.പിയുടെ നിര്‍ദ്ദേശം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. നിലവിൽ സ്റ്റേഷൻ റൈറ്റര്‍മാര്‍ (എ.എസ്.ഐ / ഗ്രേഡ് എസ്.ഐ.) എഴുതുന്ന ഫയൽ ഇനി മുതൽ എസ്.എച്ച്.ഒമാര്‍ എഴുതണമെന്നാണ് നിര്‍ദ്ദേശം. ഇത് എസ്.എച്ച്.ഒമാരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുമെന്നാണ് ആക്ഷേപം. അതേസമയം, അടുത്തിടെ കാപ്പാ കേസ് നടപടികളുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായസാഹചര്യത്തിൽ അത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുപോകാതിരിക്കാനുമാണ് ഇത്തരമൊരു നിര്‍ദ്ദേശം നൽകാൻ കാരണമെന്ന് റൂറൽ എസ്.പി. കിരൺ നാരായൺ പറയുന്നു.

          അതേസമയം, ഇത് നടക്കാത്ത കാര്യമാണെമന്ന വാദവുമായി പൊലീസ് സംഘടനാ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. ഇതിന് പിന്നിൽ സര്‍ക്കാരിലെ ചില ഉന്നതരുടെ താത്പര്യമുണ്ടെന്നും സൂചനയുണ്ട്. പ്രാരംഭഘട്ടത്തിൽ ഒരു പൊലീസ് ജില്ലയിൽ നടപ്പാക്കുന്ന പരിഷ്കാരം ക്രമേണ മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നതത്രേ. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പല നടപടികൾക്ക് പിന്നിലും എസ്.എച്ച്.ഒമാരിൽ ചിലര്‍ക്ക് പങ്കുണ്ടെന്നും അത്തരക്കാരെ കുടുക്കാനാണ് നടപടിയെന്നുമാണ് ലഭ്യമാകുന്ന വിവരം. അതേസമയം, പുതിയ പരിഷ്കാരത്തിനെതിരെ ചില അസോസിയേഷൻ നേതാക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിക്കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. സര്‍ക്കാര്‍ പറയുന്നതിനപ്പുറം ചലിക്കാത്ത പൊലീസ് മേധാവി ഇതിലെന്ത് തീരുമാനം കൈക്കൊള്ളും എന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img