11:45am 09 December 2024
NEWS
അൻവര്‍ ഫോൺ ചോര്‍ത്തിയോ ...
അൻവര്‍ അല്ലെങ്കിൽ പിന്നെ ആര് ?

04/09/2024  07:47 AM IST
News Desk
കംപ്ലീറ്റ് ഉഡായിപ്പ് തന്നെ !
HIGHLIGHTS

ഒന്ന് അൻവര്‍ പതിവുപോലെ ഉണ്ടയില്ലാ വെടി പൊട്ടിച്ചു (വി.ഡി. സതീശന്റെ കാര്യത്തിലൊക്കെ അങ്ങിനെയാണ് സംഭവിച്ചത്). രണ്ടാമത്തെ സാദ്ധ്യത അജിത്കുമാറിന്റെ കൂടെനിന്ന ആരോ...

തിരുവനന്തപുരം : താൻ മന്ത്രിമാര്‍ ഉൾപ്പെടെ പലരുടേയും ഫോൺ കോളുകൾ ചോര്‍ത്തിയിട്ടുണ്ടെന്ന പി.വി. അൻവറിന്റെ ആരോപണം വാസ്തവമോ ? സര്‍ക്കാരിലേയും പൊലീസിലേയും ഉന്നതര്‍ അന്വേഷിക്കുന്നത് ഇതാണ്. ഫോൺ ചോര്‍ത്തൽ നടന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ, അത് അൻവറിന്റെ താത്പര്യപ്രകാരമല്ലെന്നും മറ്റുചിലര്‍ ചോര്‍ത്തിയ ശബ്ദസന്ദേശങ്ങൾ അൻവറിന് തേര്‍ഡ് പാര്‍ട്ടി വഴി ലഭിച്ചതാണെന്നുമാണ് ലഭ്യമാകുന്ന ഒരു സൂചന. അങ്ങിനെങ്കിൽ ചോര്‍ത്തിയത് ആര് എന്ന ചോദ്യം ഇവിടെ പ്രസക്തമാവുകയാണ്.
          മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരം കേരളാപൊലീസിലെ ഉന്നതൻ ചോര്‍ത്തി എന്നാണ് പൊലീസ് സേനയിലെ അടക്കം പറച്ചിൽ. ഇതിന്റെ അകംപൊരുൾ പരിശോധിച്ചാൽ ചോര്‍ത്താൻ നിര്‍ദ്ദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന് വേണ്ടി പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയോ ചെയ്തു എന്ന് അനുമാനിക്കേണ്ടിവരും. ആര്‍ക്കാണ് നിര്‍ദ്ദേശം നൽകിയത് എന്ന് ചോദിച്ചാൽ അത് സ്വാഭാവികമായും എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനാണ് എന്നും കരുതാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.
          എന്നാൽ അതീവരഹസ്യമായി നടന്ന ഓപ്പറേഷൻ അൻവര്‍ എങ്ങിനെ അറിഞ്ഞു, അദ്ദേഹത്തിന് ആരാണ് ഇതൊക്കെ കൈമാറിയത് എന്നതാണ് കുഴയ്ക്കുന്ന ചോദ്യം. ഇവിടെ രണ്ടു സാദ്ധ്യതകളാണ് ഉരുത്തിരിയുന്നത്. ഒന്ന് അൻവര്‍ പതിവുപോലെ ഉണ്ടയില്ലാ വെടി പൊട്ടിച്ചു (വി.ഡി. സതീശന്റെ കാര്യത്തിലൊക്കെ അങ്ങിനെയാണ് സംഭവിച്ചത്). രണ്ടാമത്തെ സാദ്ധ്യത അജിത്കുമാറിന്റെ കൂടെനിന്ന ആരോ അദ്ദേഹത്തെ ഒറ്റുകൊടുക്കാനായി അൻവറിന്റെ പാളയത്തിൽ എത്തി എന്നതാണ്. അതേസമയം,  അൻവറിന്റെ കൈയ്യിൽ ഒന്നുമില്ലെന്നും അദ്ദേഹം ചില ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് അവരുമായി സംസാരിക്കുന്ന ചില ഇക്കിളി വര്‍ത്തമാനങ്ങളും ഗോസിപ്പുകളും റെക്കോര്‍ഡ് ചെയ്ത ഓഡിയോ ഫയൽ മാത്രമാണ് സൂക്ഷിക്കുന്നതെന്നും ചില സൂചനകൾ പുറത്തുവരുന്നുണ്ട്. ഏതായാലും വിഷയത്തിൽ ഇനിയും നെല്ലും പതിരും വേര്‍തിരിയേണ്ടതുണ്ട്. ഇതിന് ഇനിയും കാലതാമസം നേരിട്ടേയ്ക്കും. പാര്‍ട്ടി സമ്മേളനങ്ങൾ കഴിയുംവരെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് തത്പരകക്ഷികൾ ശ്രമിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img