‘കമ്പനി’യിലെ കളികൾ തുടങ്ങി
![പണിയും പിൻപണിയും](assets/news_post/833252.jpg)
പിണറായിക്കെതിരെ ശക്തമായ വിമതനേതൃത്വം ഇപ്പോഴില്ല. എന്നാൽ ഒളിഞ്ഞുംതെളിഞ്ഞും അദ്ദേഹത്തിനെതിരെ പാര്‍ട്ടിയിൽ നീക്കങ്ങൾ ശക്തമാണ്
തിരുവനന്തപുരം: സി.പി.എം. ജില്ലാസമ്മേളനങ്ങൾക്ക് മുന്നോടിയായി അനുരഞ്ജനനീക്കങ്ങൾ സജീവം. ജില്ലാസമ്മേളനങ്ങൾക്കൊടുവിൽ സംസ്ഥാനസമ്മേളനത്തിലേക്ക് അയക്കേണ്ട പ്രതിനിധികളുടെ കാര്യത്തിൽ ഏകദേശ ധാരണ എത്താൻ വേണ്ടിയാണ് ഇരുവിഭാഗങ്ങൾ ധാരണയിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന പ്രബല വിഭാഗമാണ് ഒരുഭാഗത്ത്. മറുഭാഗത്ത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംഘവും. ഒരു ടേം കൂടി എം.വി. ഗോവിന്ദന് സംസ്ഥാനസെക്രട്ടറിയായി തുടരാൻ സാഹചര്യമൊരുക്കുന്ന തരത്തിലാണ് സമവായ ഫോര്‍മുലകൾ നീങ്ങുന്നത്.
2026ൽ ഇടതുമുന്നണി അധികാരത്തിൽ വരുന്നപക്ഷം പിണറായി വിജയന് വേണ്ടി ഇളവ് അനുവദിക്കുക (മുഖ്യമന്ത്രിപദം), അല്ലാത്തപക്ഷം മന്ത്രി മുഹമ്മദ് റിയാസിന്റെ പൊളിറ്റിക്കൽ ഗ്രാഫ് ഉയര്‍ത്തുക, സുപ്രധാനപോര്‍ട്ട് ഫോളിയോകളിൽ തന്റെ വിശ്വസ്തരെ നിലനിര്‍ത്തുക തുടങ്ങിയ സമവാക്യങ്ങളാണ് പിണറായി ക്യാമ്പ് മുന്നോട്ട് വെയ്ക്കുന്നതത്രേ. ടീം പിണറായിക്കെതിരെ ശക്തമായ വിമതനേതൃത്വം ഇപ്പോഴില്ല. എന്നാൽ ഒളിഞ്ഞുംതെളിഞ്ഞും അദ്ദേഹത്തിനെതിരെ പാര്‍ട്ടിയിൽ നീക്കങ്ങൾ ശക്തമാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരായ നീക്കങ്ങൾ പാര്‍ട്ടി സെക്രട്ടറിയേറ്റിൽ ഉയരാനുള്ള സാദ്ധ്യത ഏറെയാണ്. ഇതൊഴിവാക്കാനുള്ള കരുക്കൾ ജില്ലാസമ്മേളനത്തിൽ തന്നെ ആരംഭിക്കേണ്ടതുണ്ട്.
അതേസമയം, പിണറായി ഒരു ടേം കൂടി വരുന്നത് ഒഴിവാക്കാൻ ചില വ്യവസായപ്രമുഖര്‍ക്ക് താത്പര്യമുണ്ടെന്നറിയുന്നു. എന്നാൽ എതിര്‍ചേരിയിൽ ഉയര്‍ത്തിക്കാട്ടാൻ കരിസ്മാറ്റിക് ആയ ഒരു നേതാവില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രശ്നം. ഇനി അഥവാ ആരെങ്കിലും തയ്യാറായാൽ തന്നെ അവരെ വെട്ടിനിരത്താനുള്ള സംഗതികൾ മുഖ്യമന്ത്രിയുടെ പക്കലുണ്ട് താനും. അതുകൊണ്ട് തന്നെ ഇത്തരവണത്തെ പാര്‍ട്ടിസമ്മേളനം ഏറെ പിരിമുറുക്കത്തിലൂടെയാകും കടുന്നുപോവുക.
Photo Courtesy - Google