കൊച്ചി : ചരിത്രത്തിന്റെ ചൂരും വാണിജ്യനഗരിയുടെ ചൂടും ഒത്തുചേരുന്ന അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ മണ്ണ് സുല്‍ത്വാനുല്‍ ഉലമയെയും കേരളയാത്രാ സംഘത്തേയും സ്വീകരിക്കാന്‍ പൂര്‍ണ സജ്ജം. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നായകനായും ബദറുസ്സാദാത്ത് ഖലീല്‍ ബുഖാരി തങ്ങള്‍, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി ഉപനായകരായും കേരള മുസ്‌ലിം ജമാഅത്ത് നേത്യത്വത്തില്‍ നടത്തപ്പെടുന്ന കേരളയാത്ര നാളെയാണ് എറണാകുളം ജില്ലയില്‍ പ്രവേശിക്കുക. തൃശ്ശൂര്‍ ജില്ലയിലെ സ്വീകരണത്തിന് ശേഷം ജില്ലാ അതിര്‍ത്തി കടന്ന് രാവിലെ 9 മണിക്ക് പറവൂരിലെത്തുന്ന യാത്രാ സംഘത്തെ പ്രാസ്ഥാനിക ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ സെന്റിനറി ഗാഡിന്റെ അകമ്പടിയോടെ എറണാകുളം ജില്ലയിലേക്ക് സ്വീകരിക്കും. വൈകിട്ട് നാലിന് എറണാകുളം ടൗണ്‍ ഹാളില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 313 സെന്റിനറി ഗാര്‍ഡ് അംഗങ്ങളുടെ ഫ്‌ളാഗ് മാര്‍ച്ച് നടക്കും. അഞ്ചിന് എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന സ്വീകരണ സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. എം പിമാരായ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍, ഹാരിസ് ബീരാന്‍, എം എല്‍ എ മാരായ ടി ജെ വിനോദ്, അഡ്വ. ശ്രീനിജന്‍, അന്‍വര്‍ സാദത്ത്, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, കെ ജെ മാക്‌സി, അഡ്വ. മാത്യു കുഴല്‍നാടന്‍, സി പി എം ജില്ലാ സെക്രട്ടറി അഡ്വ. എസ് സതീഷ്, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, സ്വാമി നര്‍മ്മ ചൈതന്യ ശിവഗിരിമഠം ആലുവ, ഫാദര്‍ പോള്‍ തേലക്കാട്ട്, അഡ്വ. അനില്‍കുമാര്‍ മറ്റു പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും, പ്രസ്ഥാനം ജില്ലയില്‍ തുടക്കം കുറിക്കുന്ന സാന്ത്വന, കര്‍മ്മ പദ്ധതികള്‍ കാന്തപുരം പ്രഖ്യാപിക്കും. ജാഥാ നായകന്റേയും ഉപനായകരുടേയും സ്നേഹവിരുന്നും പ്രസ് മീറ്റും രാവിലെ 11 മണിക്ക് ഐ എം എ ഹൗസില്‍നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് വി എച്ച് അലിദാരിമി, ജനറല്‍ സെക്രട്ടറി സയ്യിദ് സി ടി ഹാഷിം തങ്ങള്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി എ ഹൈദ്രോസ് ഹാജി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ കെ എസ് എം ഷാജഹാന്‍ സഖാഫി, എസ് സ് എഫ് ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹിജാസ്, മീഡിയ കണ്‍വീനര്‍ അബ്ദുല്‍ സലാം കൈതാരം പങ്കെടുത്തു.








