
റാസൽഖൈമ: ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച നാല് യുവതികളെ പെൺവാണിഭ സംഘത്തിന്റെ പിടിയിൽനിന്ന് മോചിപ്പിച്ചു. ആലപ്പുഴ, തൃശൂർ സ്വദേശികളായ മൂന്ന് മലയാളികളും തഞ്ചാവൂർ സ്വദേശിനിയുമാണ് ദുരിതത്തിൽനിന്ന് രക്ഷപ്പെട്ടത്. റാസൽഖൈമ ഇന്ത്യൻ അസോസിയേഷന്റെയും പൊലീസിന്റെയും ഇടപെടലിലാണ് യുവതികളെ മോചിപ്പിച്ച് നാട്ടിലേക്ക് തിരിച്ചയച്ചത്.
നഴ്സ്, ഫിസിയോതെറപ്പിസ്റ്റ് തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്താണ് 2,500 ദിർഹം മാസശമ്പളം ലഭിക്കുമെന്നറിയിച്ച് യുവതികളെ സന്ദർശക വീസയിൽ യുഎഇയിലെത്തിച്ചത്. ബഹ്റൈനിൽ 15 വർഷത്തെ തൊഴിൽപരിചയമുള്ള യുവതിയും തട്ടിപ്പിനിരയായവരിൽ ഉൾപ്പെടുന്നു.
എന്നാൽ റാസൽഖൈമയിലെത്തിയതോടെ ഇവരെ ഒരു കേന്ദ്രത്തിൽ താമസിപ്പിക്കുകയും അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയും ചെയ്തെന്നാണ് യുവതികളുടെ വെളിപ്പെടുത്തൽ. ഇതിന് വിസമ്മതിച്ചതോടെ മർദനത്തിനിരയാക്കുകയും ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയും ചെയ്തു. വാഗ്ദാനം ചെയ്ത ജോലിക്ക് പകരം മറ്റൊരു ആവശ്യത്തിനാണ് തങ്ങളെ എത്തിച്ചതെന്ന് നടത്തിപ്പുകാർ കാര്യങ്ങൾ വിശദീകരിച്ചപ്പോഴാണ് യുവതികൾക്ക് ബോധ്യമായത്. തുടർന്ന് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
ബന്ധുക്കൾ റാസൽഖൈമ ഇന്ത്യൻ അസോസിയേഷന്റെ സഹായം തേടിയതോടെയാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമായത്. വിവിധ എമിറേറ്റുകളിൽ ശാഖകളുള്ള സംഘം ഇടയ്ക്കിടെ താമസസ്ഥലം മാറ്റിയിരുന്നതിനാൽ യുവതികളെ കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ല. ഒടുവിൽ ഇടപാടുകാരെന്ന വ്യാജേന നടത്തിപ്പുകാരുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. സംഘം അയച്ചുനൽകിയ ചിത്രങ്ങളിലൂടെയാണ് യുവതികളെ തിരിച്ചറിഞ്ഞത്.
റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് എസ്.എ. സലീം വിവരം കൈമാറിയതിനെത്തുടർന്ന് പൊലീസ് അനാശാസ്യ കേന്ദ്രത്തിൽ പരിശോധന നടത്തി യുവതികളെ മോചിപ്പിച്ചു. കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതി ഒളിവിലാണെന്നാണ് വിവരം.
പൊലീസിൽ പരാതി നൽകിയ ശേഷം ആവശ്യമായ നടപടികൾ പൂർത്തിയാക്കിയാണ് യുവതികളെ നാട്ടിലേക്ക് അയച്ചത്. വീസ കാലാവധി അവസാനിക്കാറായ രണ്ട് പേരെ തിങ്കളാഴ്ചയും മറ്റ് രണ്ട് പേരെ ഇന്നലെയുമാണ് നാട്ടിലെത്തിച്ചത്. രക്ഷപ്പെടുത്തിയവർക്ക് ഭക്ഷണം, താമസസൗകര്യം, വിമാന ടിക്കറ്റ് എന്നിവയെല്ലാം റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ ഒരുക്കി.










