12:23am 07 November 2026
NEWS
അപൂർവ ധാതു ഇടനാഴിയിൽ പ്രതീക്ഷയോടെ കേരളം
15/02/2026  08:50 AM IST
ചവറ സുരേന്ദ്രൻപിള്ള
അപൂർവ ധാതു ഇടനാഴിയിൽ പ്രതീക്ഷയോടെ കേരളം
HIGHLIGHTS

      ചവറയിൽ 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളും 

 

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ സുലഭമായി കാണുന്ന അപൂർവ ധാതുക്കളുടെ വിപണന സാധ്യത പ്രയോജനപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നിർദേശത്തിനു കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ പച്ചക്കൊടി. അപൂർവ ധാതുക്കളുടെ ഖനനം, സംസ്്കരണം, ഗവേഷണം, നിർമാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക അപൂർവ ധാതു ഇടനാഴികൾ (റെയർ എർത്ത് കോറിഡോർ ) സ്ഥാപിക്കുന്നതിന് കേരളം, തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കു പിന്തുണ നൽകുമെന്നാണ് കേന്ദ്ര ബജറ്റിലുള്ളത്. രാജ്യാന്തര തുറമുഖമായ വിഴിഞ്ഞം -ചവറ - കൊച്ചിയെ ബന്ധിപ്പിക്കുന്ന അപൂർവ ധാതു ഇടനാഴി വികസിപ്പിക്കുന്നതിന് 1000 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് മിഷൻ രൂപവൽക്കരിക്കുന്നതിനായി 100 കോടി രൂപ സംസ്ഥാന ബജറ്റിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പദ്ധതി നടപ്പായാൽ രാജ്യത്തെ ഏറ്റവും വലിയ മഗ്‌നറ്റിക് ഹബ്ബായി കേരളത്തെ മാറ്റാൻ കഴിയുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. 
കേരള തീരത്ത് അപൂർവ ധാതുക്കളാൽ സമ്പുഷ്ടമായ 32435 കോടി ടൺ കരിമണലുണ്ടെന്ന് കേന്ദ്രസർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ കേരളം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.                                           

തീരപ്രദേശങ്ങളിൽ സുലഭമായ തോറിയം, സ്‌ക്കാൻഡിയം തുടങ്ങിയ റെയർ എർത്ത് മൂലകങ്ങൾ പ്രയോജനപ്പെടുത്താനുള്ള വൻപദ്ധതിയാണ് കേരളം വിഭാവനം ചെയ്യുന്നത്. ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ആവശ്യമായ ഇവ പ്രതിരോധ -വ്യോമയാന മേഖലകളിലും ഇലക്ട്രിക് വാഹനങ്ങളുടെയും ഡ്രോണുകളുടെയും സി.ടി. സ്‌ക്കാൻ ഉപകരണങ്ങളുടെ നിർമാണത്തിനും അത്യാവശ്യമാണ്. വിഴിഞ്ഞം തുറമുഖത്തു നിന്ന് ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു കേന്ദ്രം ചവറ കെ.എം.എം.എല്ലിനോടു ചേർന്ന് സ്ഥാപിക്കും. ഇതു വഴി രാജ്യത്തെ ഏറ്റവും വലിയ പെർമനെന്റ് മാഗ്‌നറ്റ്ഹബ്ബായി മാറാൻ കേരളത്തിനു കഴിയുമെന്നാണ് വിലയിരുത്തുന്നത്. 

42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്ന വലിയ പദ്ധതിയുടെ കേന്ദ്രമായി ചവറ മാറുമെന്നാണ് പ്രതീക്ഷ. കെ.എം.എം.എൽ, കെൽട്രോൺ, കേന്ദ്ര ഖനി മന്ത്രാലയത്തിനു കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഹൈദരാബാദിലെ നോൺ ഫെറൗസ് മെറ്റീരിയൽസ് ടെക്‌നോളജി ഡവലപ്‌മെന്റ് സെന്റർ (എൻ എഫ് ടി ഡി സി) എന്നീ സ്ഥാപനങ്ങളെ പങ്കാളികളാക്കിക്കൊണ്ടാണ് റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽസ് മിഷൻ രൂപീകരിക്കാൻ സർക്കാർ തയ്യാറാകുന്നത്.   
                                                   
കരയിലും കടലിലും സ്വകാര്യ കമ്പനികൾക്ക് ഉൾപ്പെടെ ധാതു ഖനനത്തിനു വഴിയൊരുക്കിയ കേന്ദ്ര സർക്കാരിന്റെ നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷൻ പദ്ധതിയുടെ ചുവടു പിടിച്ചാണ് കേരളവും മിനറൽസ് മിഷൻ രൂപീകരിക്കുന്നത്. 42,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ സ്വകാര്യ പങ്കാളിത്തമുണ്ടാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. 

കേരളത്തിന്റെ തീരദേശത്തും കടലിലും സ്വകാര്യ കമ്പനികൾക്കു ഖനനാനുമതി നൽകാനുള്ള നീക്കം വിവാദമായതിനു പിന്നാലെയാണിപ്പോൾ ക്രിട്ടിക്കൽ മിനറൽ മിഷന്റെ ആവിർഭാവം. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾക്കു മാത്രം ഖനനം ചെയ്യാൻ അവകാശമുണ്ടായിരുന്ന ആണവ ധാതുക്കളുടെ പട്ടികയിൽ നിന്ന് ടൈറ്റാനിയം, ലിഥീയം, ബെറിലിയം, സിർക്കോണിയം, കാഡ്മിയം, ഫോസ്‌ഫേറ്റ്, ഗ്രാഫൈറ്റ്, യുറേനിയം, തോറിയം അടങ്ങാത്ത ധാതുമണൽ തുടങ്ങി 24 ഇനം ധാതുക്കളുടെ ഖനനത്തിനു സ്വകാര്യ കമ്പനികൾക്കും അനുമതി നൽകാനാകും വിധം കേന്ദ്ര സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു. 2022 മേയ് 25 നായിരുന്നു ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ സർക്കാർ പുറപ്പെടുവിച്ചത്. ആഴക്കടൽ മണൽ ഖനനത്തിനായി സ്വകാര്യ കമ്പനികൾക്കും അനുമതി നൽകാനുള്ള ഭേദഗതിയായിരുന്നു കേന്ദ്രസർക്കാർ കൊണ്ടുവന്നത്. 2031 വരെ നീളുന്ന പദ്ധതിയുമായിട്ടായിരുന്നു കേന്ദ്ര സർക്കാർ മുന്നോട്ടു വന്നിരുന്നത്. കേന്ദ്ര സർക്കാരിന്റെ 'ബ്ലൂ ഇക്കോണമി' നയത്തിന്റെയും നാഷണൽ ക്രിട്ടിക്കൽ മിനറൽ മിഷന്റെയും ചുവടുപിടിച്ച് കേരളത്തിന്റെ ആഴക്കടലിൽ നിന്നും നിർമാണ ആവശ്യത്തിനുള്ള മണൽ ഖനനത്തിന് കേന്ദ്ര സർക്കാർ ടെന്റർ ക്ഷണിച്ചിട്ടുണ്ടായിരുന്നു. പദ്ധതിക്കായി 34300 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയത്. രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കമുള്ള വിദേശ ഫണ്ട് ഉൾപ്പെടെ 16300 കോടി രൂപ കേന്ദ്രം കണ്ടെത്തും. ബാക്കി 18000 കോടി ഈ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഹിതമാണ്. 2030 - 31 നകം 1200 ധാതു പര്യവേഷണ പദ്ധതികൾ ഏറ്റെടുക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.     
                               
കേരളത്തിൽ ഇപ്പോൾ തന്നെ കരിമണലിൽ നിന്നും കെ .എം. എം.എൽ.വേർതിരിച്ചെടുത്ത മോണോസൈറ്റ് അടങ്ങിയ ഒന്നേകാൽ ലക്ഷം ടൺ ധാതുമണൽ കോവിൽത്തോട്ടത്തെ മിനറൽസ് സെപറേഷൻ (എം.എസ്) പ്ലാന്റിൽ സൂക്ഷിച്ചിട്ടുണ്ട്.  മോണോസൈറ്റ് വേർതിരിച്ചെടുത്താൽ ഏകദേശം 4000 കോടി രൂപയുടെ വില്പനയുണ്ടാകും. ഇൽമനൈറ്റ്, റൂട്ടൈൽ, സിർക്കോൺ എന്നിവ വേർതിരിച്ചതിനു ശേഷമുള്ളതാണ് ഇത്. ഖനനത്തിനോ സംസ്‌ക്കരണത്തിനോ അനുമതി ഇല്ലാത്തതുമാലം ഇത് കോൺക്രീറ്റ് നിലവറകളിൽ സൂക്ഷിച്ചിരി ക്കുകയാണ്.1980 മുതൽ ശേഖരിച്ചിരിക്കുന്ന ഈ മണലിൽ നിന്ന് റേഡിയോ ആക്ടീവായ മോണോംസൈറ്റും തോറിയവും മറ്റും വേർതിരിച്ചെടുക്കാനാകും.    
                              
നീണ്ടകര മുതൽ കായംകുളം വരെ 22.54 കിലോമീറ്റർ കടൽത്തീരം ലോകത്തിലെ തന്നെ ഏറ്റവും സമ്പുഷ്ടമായ ധാതു നിക്ഷേപകേന്ദ്രമാണ്. 12.7 കോടി ടൺ കരിമണൽ ശേഖരമുണ്ടെന്നാണ് കണക്ക്. ഇതിൽ ഇൽമനൈറ്റ് മാത്രം എട്ടുകോടി ടൺ വരും. കായംകുളം പൊഴി മുതൽ ആറാട്ടുപുഴയും തൃക്കുന്നപ്പുഴയും ഉൾപ്പെടെ തോട്ടപ്പള്ളി വരെ 1.7 കോടി ടൺ ധാതുക്കളും 90 ലക്ഷം ടൺ ഇൽമനൈറ്റുമുണ്ട്. നമ്മുടെ തീരത്തു മാത്രം 80 വർഷത്തേക്കുള്ള ഇൽമനൈറ്റ് ശേഖരമുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ചവറ തീരത്തുള്ള കരിമണലിൽ 40 മുതൽ 55 ശതമാനം വരെ ഇൽമനൈറ്റും 12 മുതൽ 17 ശതമാനം വരെ സിലിമനൈറ്റും   ആറു മുതൽ എട്ടു ശതമാനം വരെ റൂട്ടൈലും ഒന്നു മുതൽ രണ്ടു ശതമാനം വരെ സിർക്കോണും ഒരു ശതമാനത്തിൽ താഴെ മോണോസൈറ്റും അടങ്ങിയിരിക്കുന്നു. 

ഒരു ടൺ കരിമണൽ വേർതിരിച്ചെടുത്താൽ ശരാശരി 475 കിലോ ഇൽമനൈറ്റും 146 കിലോ സിർക്കണും 122 കിലോ സിലിമനൈറ്റും 61 കിലോ റൂട്ടൈലും ലഭിക്കും. തന്ത്രപ്രധാനമായ ധാതുക്കളുടെ രംഗത്തു സ്വയംപര്യാപ്തമാകാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതാണ് കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ റെയർ എർത്ത് കോറിഡോർ. ഇപ്പോൾ കെ.എം.എം.എ ലും ഐ.ആർ.ഇ.എലും മാത്രമാണ് തീരമണൽ ഖനനം ചെയ്യുന്നത്. ഇവിടേക്കും സ്വകാര്യ കമ്പനികൾ വരുമോയെന്നത് പ്രഖ്യാപിക്കാനിരിക്കുന്ന ധാതുനയത്തിൽ  വ്യക്തമാകും.                          

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img