07:39am 19 July 2026
NEWS
ക്ഷേമപെൻഷൻ അനധികൃതമായി വാങ്ങുന്നവരെ ഒഴിവാക്കും; മസ്റ്ററിങ്ങിന് പിന്നാലെ പെൻഷൻ പട്ടികയിൽ കർശന പരിശോധന
18/07/2026  09:51 AM IST
nila
ക്ഷേമപെൻഷൻ അനധികൃതമായി വാങ്ങുന്നവരെ ഒഴിവാക്കും; മസ്റ്ററിങ്ങിന് പിന്നാലെ പെൻഷൻ പട്ടികയിൽ കർശന പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹിക ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. വെള്ളിയാഴ്ച ആരംഭിച്ച മസ്റ്ററിങ് നടപടികൾ പൂർത്തിയായ ശേഷം അനർഹരായവരെ കണ്ടെത്തി പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ സംസ്ഥാനത്ത് 66.22 ലക്ഷം പേരാണ് വിവിധ സാമൂഹിക ക്ഷേമപെൻഷനുകൾ കൈപ്പറ്റുന്നത്. ഇതിൽ 51.87 ലക്ഷം പേർ സാമൂഹിക സുരക്ഷാ പെൻഷനും, 14.35 ലക്ഷം പേർ വിവിധ ക്ഷേമനിധി ബോർഡുകളുടെ പെൻഷനും ലഭിക്കുന്നവരാണ്. യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച പോലെ പെൻഷൻ തുക 3,000 രൂപയാക്കി ഉയർത്തണമെങ്കിൽ പ്രതിമാസം ഏകദേശം 1,986 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും. നിലവിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് 2,000 രൂപയാണ്.

ഈ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായി അർഹതയില്ലാത്തവരെ കണ്ടെത്തി ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ വർഷവും മസ്റ്ററിങ്ങിന് ശേഷം മരണപ്പെട്ടവരുടെ പേരുകൾ ഒഴിവാക്കാറുണ്ടെങ്കിലും, പുതിയ അപേക്ഷകളുടെ എണ്ണം അതിനേക്കാൾ കൂടുതലാണെന്നാണ് വിലയിരുത്തൽ. ചിലയിടങ്ങളിൽ പ്രാദേശിക തലത്തിലുള്ള ഇടപെടലുകൾ മൂലം അർഹതയില്ലാത്തവരും പട്ടികയിൽ ഇടംനേടിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന ശക്തമാക്കുന്നത്.

പുതിയ അപേക്ഷകൾക്കും കൂടുതൽ കർശന പരിശോധന ഏർപ്പെടുത്തും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർ, ഒരേക്കറിലധികം ഭൂമിയുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ, 1,000 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ ഉടമകൾ, മറ്റ് പെൻഷനുകൾ കൈപ്പറ്റുന്നവർ എന്നിവർക്ക് ക്ഷേമപെൻഷന് അർഹതയില്ല. എന്നാൽ വരുമാനം കുറച്ചുകാണിക്കുകയോ വിദേശത്ത് ജോലി ചെയ്യുന്ന കുടുംബാംഗങ്ങളുടെ വിവരം മറച്ചുവെക്കുകയോ ചെയ്ത് അനർഹമായി പെൻഷൻ വാങ്ങുന്നവരുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ.

അതേസമയം, യഥാർത്ഥ അർഹരായവർ പട്ടികയിൽ നിന്ന് ഒഴിവാകാതിരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. ഇതിനായി നിലവിലെ അർഹതാ മാനദണ്ഡങ്ങളിലും ആവശ്യമായ പരിഷ്കാരങ്ങൾ വരുത്താനാണ് തീരുമാനം.

മസ്റ്ററിങ്ങിന് തുടക്കത്തിൽ സാങ്കേതിക തടസ്സം

മസ്റ്ററിങ് ആദ്യദിനത്തിൽ തന്നെ ജീവൻരേഖാ പോർട്ടലിലുണ്ടായ സാങ്കേതിക തകരാർ നടപടികളെ മണിക്കൂറുകളോളം ബാധിച്ചു. സംസ്ഥാന ഡാറ്റാ സെന്ററിലെ പ്രശ്നത്തെ തുടർന്നാണ് പോർട്ടൽ പ്രവർത്തനരഹിതമായത്. ഇതോടെ ഓരോ അക്ഷയ കേന്ദ്രത്തിലും ഒരേസമയം പോർട്ടലിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്താൻ നിർദേശം നൽകിയെങ്കിലും പ്രശ്നം ഉടൻ പരിഹരിക്കാനായില്ല. മസ്റ്ററിങ്ങിനൊപ്പം മറ്റ് ഓൺലൈൻ സേവനങ്ങളും തടസ്സപ്പെട്ടു. സെപ്റ്റംബർ 30 വരെ മസ്റ്ററിങ് തുടരുന്നതിനാൽ ഗുണഭോക്താക്കൾ തിരക്കുകൂട്ടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img