
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ മൂന്നു ജില്ലകളിൽ ശക്തമായ മഴയെത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് വരും മണിക്കൂറുകളിൽ മഴയെത്തുക. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
ഈ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ന് തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ആൻഡമാൻ കടലിന്റെ ഭൂരിഭാഗം മേഖലകളിലും നിക്കോബാർ ദ്വീപുകളിലും ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) ഉൾപ്പെടെയുള്ള പ്രദേശങ്ങളിലുമാണ് മൺസൂൺ സാന്നിധ്യം രേഖപ്പെടുത്തിയത്.
കേരളത്തിൽ ഇത്തവണ മെയ് 26ഓടെ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയ്ക്കും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നതും മഴ ശക്തമാകാൻ കാരണമാകുന്നുണ്ട്.
മെയ് 16 മുതൽ 18 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇതോടൊപ്പം ഇടിമിന്നലും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും അനുഭവപ്പെടാമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും വ്യാപകമായി മഴ തുടരാനാണ് സാധ്യത.










