04:46am 11 September 2026
NEWS
വഖഫ് ബോർഡ് പിരിച്ചുവിടുമോ? സർക്കാരിനെതിരെ സുപ്രീം കോടതിയിൽ ‘പടയൊരുക്കം’
10/09/2026  07:58 PM IST
nila
വഖഫ് ബോർഡ് പിരിച്ചുവിടുമോ? സർക്കാരിനെതിരെ സുപ്രീം കോടതിയിൽ ‘പടയൊരുക്കം’

ന്യൂഡൽഹി: കേരള വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ നിർണായക നീക്കവുമായി ബോർഡ്. തമിഴ്നാട് വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയിൽ കക്ഷി ചേരാൻ കേരള വഖഫ് ബോർഡ് അപേക്ഷ നൽകി. ബോർഡ് ചെയർമാൻ കെ.എസ്. ഹംസ ഡൽഹിയിലെത്തി നിയമവിദഗ്ധരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് നടപടി.

വഖഫ് ബോർഡിൽ അംഗങ്ങളുടെ ഒഴിവുകളുണ്ടെന്നോ ബോർഡിന്റെ ഘടന പൂർണമല്ലെന്നോ ചൂണ്ടിക്കാട്ടി അതിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും തടയാനാകുമോ എന്ന സുപ്രധാന നിയമപ്രശ്നമാണ് തമിഴ്നാട് കേസിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഇതേ വിഷയം കേരള വഖഫ് ബോർഡിനെയും നേരിട്ട് ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കക്ഷി ചേരാനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

കേരള വഖഫ് ബോർഡിനുവേണ്ടി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ.ആർ ആണ് അപേക്ഷ ഫയൽ ചെയ്തത്. അംഗങ്ങളുടെ ഒഴിവുകളുടെ പേരിൽ മാത്രം ബോർഡിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാനാകില്ലെന്നാണ് കേരള ബോർഡിന്റെ പ്രധാന വാദം.

ബോർഡിന്റെ ഘടന പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ മദ്രാസ് ഹൈക്കോടതി തമിഴ്നാട് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച തമിഴ്നാട് വഖഫ് ബോർഡിന് അനുകൂലമായി ഇടക്കാല സ്റ്റേ ലഭിച്ചിരുന്നു. ഇതോടെ കേസിലെ അന്തിമ തീർപ്പ് വരുന്നതുവരെ തമിഴ്നാട് വഖഫ് ബോർഡിന് പ്രവർത്തനം തുടരാനുള്ള സാഹചര്യമുണ്ടായി.

കേരളത്തിലും സമാനമായ നിയമപ്രശ്നമാണ് നിലവിലുള്ളതെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്. ബോർഡ് രൂപീകരണം അപൂർണമാണെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 15ന് കേരള ഹൈക്കോടതി നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും മൂലധനച്ചെലവ് നടത്തുന്നതിനും ബോർഡിന് വിലക്കേർപ്പെടുത്തിയിരുന്നു. വഖഫ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന സർക്കാരിലെ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ബോർഡ് താൽക്കാലികമായി പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ ഈ മേൽനോട്ട വ്യവസ്ഥ പിന്നീട് സുപ്രീം കോടതി നീക്കി.

അംഗങ്ങളുടെ ഒഴിവ് മാത്രം മതിയോ?

1995ലെ വഖഫ് നിയമത്തിലെ സെക്ഷൻ 22 പ്രകാരം അംഗങ്ങളുടെ ഒഴിവുകൾ നിലനിൽക്കുന്നു എന്ന കാരണത്താൽ മാത്രം ബോർഡിന്റെ നടപടികൾ അസാധുവാകില്ലെന്നാണ് കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ ഉന്നയിക്കുന്ന വാദം.

ബോർഡിൽ പരമാവധി 11 അംഗങ്ങളാകാമെന്നും നിയമപ്രകാരം എല്ലാ അംഗങ്ങളെയും ഒരേസമയം നാമനിർദേശം ചെയ്യണമെന്ന വ്യവസ്ഥയില്ലെന്നും അപേക്ഷയിൽ പറയുന്നു. അതിനാൽ നിലവിലുള്ള ഒഴിവുകളെ മാത്രം അടിസ്ഥാനമാക്കി ബോർഡിന്റെ പ്രവർത്തനം തടയുന്നത് നിയമപരമായി നിലനിൽക്കില്ലെന്നാണ് ബോർഡിന്റെ വാദം.

അതേസമയം, ബോർഡ് പിരിച്ചുവിടാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെങ്കിലും ഇതിനായി വഖഫ് നിയമത്തിലെ സെക്ഷൻ 99 പ്രകാരമുള്ള നടപടിക്രമങ്ങളും നിയമപരമായ സുരക്ഷാ വ്യവസ്ഥകളും പാലിക്കേണ്ടതുണ്ടെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

‘ആരോപണമില്ല, പ്രശ്നം അംഗങ്ങളുടെ ഒഴിവ് മാത്രം’

ചെയർമാനോ നിലവിലുള്ള അംഗങ്ങൾക്കോ ബോർഡിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യാതൊരു ആരോപണവും നേരിടുന്നില്ലെന്നും കേരള വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.

ബോർഡിന്റെ പ്രവർത്തനത്തിൽ വീഴ്ചയോ ക്രമക്കേടോ കണ്ടെത്തിയതിന്റെ പേരിലല്ല നിയന്ത്രണം ഏർപ്പെടുത്തിയതെന്നും, അംഗങ്ങളുടെ ഒഴിവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ബോർഡ് വ്യക്തമാക്കി.

2025ലെ വഖഫ് നിയമപ്രകാരം സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ 100 ശതമാനം രജിസ്ട്രേഷനും പൂർത്തിയാക്കിയ രാജ്യത്തെ ഏക വഖഫ് ബോർഡ് കേരളമാണെന്നും അപേക്ഷയിൽ അവകാശപ്പെടുന്നു. സുപ്രീം കോടതി നേരത്തെ നൽകിയ നിർദേശങ്ങൾ പാലിച്ചാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയതെന്നും ബോർഡ് വ്യക്തമാക്കി.

കേരളത്തിലെ വഖഫ് ബോർഡിന്റെ പ്രവർത്തനവ്യാപ്തിയും സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 89,000ത്തിലധികം വഖഫ് സ്വത്തുക്കളാണുള്ളത്. വഖഫ് ട്രൈബ്യൂണലിൽ 600ലധികം കേസുകളും കേരള ഹൈക്കോടതിയിൽ 500ലധികം കേസുകളും നിലവിലുണ്ടെന്നും അപേക്ഷയിൽ പറയുന്നു.

ആഴ്ചയിൽ ശരാശരി 200ഓളം കേസുകൾ ബോർഡിന്റെ ജുഡീഷ്യൽ സിറ്റിങ്ങുകളിൽ പരിഗണിക്കുന്നതായും വിവിധ വിഷയങ്ങളിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നതായും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.

തമിഴ്നാട് കേസിലെ സുപ്രീം കോടതി വിധി കേരള വഖഫ് ബോർഡിന്റെ ഭാവി പ്രവർത്തനങ്ങളെയും നേരിട്ട് സ്വാധീനിക്കുമെന്നതിനാൽ, കേസിൽ കക്ഷി ചേർന്ന് സ്വന്തം വാദങ്ങൾ കോടതിക്ക് മുന്നിൽ അവതരിപ്പിക്കാനാണ് കേരള ബോർഡിന്റെ നീക്കം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img