
നാഗ്പൂർ: കേരളത്തിന് ഇന്ന് ചരിത്രദിനം. രഞ്ജി ട്രോഫി ഫൈനലിൽ ഇന്ന് കേരളം വിദർഭയെ നേരിടും. രഞ്ജി ട്രോഫി ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരളം ഫൈനലിൽ കളിക്കുന്നത്. ഇക്കുറി ഒരു മത്സരം പോലും തോൽക്കാതെയാണ് കേരളവും വിദർഭയും ഫൈനലിലെത്തിയത്. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് പരാജയപ്പെട്ട് നഷ്ടമായ കിരീടം ലക്ഷ്യമിട്ടാണ് വിദർഭ ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. രഞ്ജി ട്രോഫി ടൂർണമെന്റിലെ കരുത്തരെ മുട്ടുകുത്തിച്ച് ചരിത്രനേട്ടം കൊയ്യുകയെന്നതാണ് കേരളത്തിന്റെ ലക്ഷ്യം.
നാഗ്പൂർ, വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ ഇന്നു രാവിലെ 9.30നാണ് മത്സരം തുടങ്ങുക. ജിയോ ഹോട്സ്റ്റാറിൽ മത്സരം തത്സമയം കാണാം. 2018ലും 19ലും കപ്പുയർത്തിയ വിദർഭ കഴിഞ്ഞ വർഷം റണ്ണേഴ്‌സ് അപ്പുമായിരുന്നു. എന്നാൽ രഞ്ജി നോക്കൗട്ടിൽ വിദർഭയോട് കേരളത്തിന്റെ റെക്കോഡ് മികച്ചതല്ല 2017-18ൽ വിർഭയോട് ക്വാർട്ടറിൽ തോറ്റ് പുറത്തായ കേരളം അടുത്ത വർഷം സെമിയിലും അവരോട് തോൽവി വഴങ്ങുകയായിരുന്നു.