
തൃശ്ശൂർ: കേരളത്തിലെ വിപണികളിലെത്തുന്ന പച്ചക്കറികളിൽ അനുവദനീയമായ അളവിലും അധികം മാരക കീടനാശിനികളും രാസവസ്തുക്കളും കണ്ടെത്തിയതായി കൃഷിമന്ത്രി ടി. സിദ്ദിഖ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച 1258 പച്ചക്കറി സാമ്പിളുകളിൽ 62 എണ്ണത്തിലും ഉയർന്ന തോതിൽ വിഷാംശം കണ്ടെത്തിയതായി കൃഷിവകുപ്പിന്റെ ഔദ്യോഗിക ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. ഇവയിൽ വ്യാപകമായി കീടനാശിനികളും രാസവസ്തുക്കളും പ്രയോഗിക്കുന്നതായാണ് പരിശോധനാഫലങ്ങൾ സൂചിപ്പിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഇത്തരം പച്ചക്കറികൾ ഉയർത്തുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പച്ചക്കറികൾക്കൊപ്പം അറിയാതെ കീടനാശിനികൾ കൂടി കുടുംബാംഗങ്ങൾക്ക് ഭക്ഷണമായി നൽകേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആരോഗ്യസംരക്ഷണത്തിനായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നവരിലും ജീവിതശൈലീ രോഗങ്ങൾ വ്യാപകമായവരിലും മലയാളികൾ മുന്നിലാണെന്ന കണക്കുകൾക്കിടെയാണ് പുതിയ കണ്ടെത്തൽ. സുരക്ഷിതമായ ഭക്ഷണത്തിന്റെ ലഭ്യതക്കുറവും ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വിപണിയിലെത്തുന്ന പച്ചക്കറികളിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന ആശങ്ക നേരത്തേ ഉണ്ടായിരുന്നെങ്കിലും അവയുടെ അളവും അപകടസാധ്യതയും ഔദ്യോഗികമായി വ്യക്തമാകുന്നത് കൃഷിവകുപ്പിന്റെ പരിശോധനയിലൂടെയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 1200-ലധികം സാമ്പിളുകൾ സർക്കാർ ലാബുകളിൽ പരിശോധിച്ച് കൃത്യമായ കണക്കുകൾ പുറത്തുവിടുന്നത്.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറികളുടെ വരവ് പൂർണമായി നിരോധിക്കുക പ്രായോഗികമല്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കേരളത്തിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ 90 ശതമാനവും അയൽ സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. പെട്ടെന്ന് നിരോധനം ഏർപ്പെടുത്തിയാൽ കടുത്ത ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കും. അതിനാൽ സംസ്ഥാനത്തിനകത്തെ ഉത്പാദനം ഘട്ടംഘട്ടമായി വർധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കാനാണ് കൃഷിവകുപ്പിന്റെ നീക്കം.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വി.എസ്. സുനിൽകുമാർ കൃഷിമന്ത്രിയായിരിക്കെ മട്ടുപ്പാവ് കൃഷിക്ക് വലിയ പ്രോത്സാഹനം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നോ നാലോ വർഷമായി ഈ മേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ല. പുതിയ സാഹചര്യത്തിൽ കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുന്നതിനായി 'കതിർ' പദ്ധതിയിലൂടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വിഷരഹിത പച്ചക്കറി ഉത്പാദനം വർധിപ്പിക്കുകയാണ് പ്രതിസന്ധിക്ക് ദീർഘകാല പരിഹാരമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലെ പ്രാദേശിക കർഷകർ രാസവസ്തുക്കളുടെ ഉപയോഗം താരതമ്യേന കുറയ്ക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ വിളവെടുപ്പിന് മുൻപും ശേഷവും പച്ചക്കറികളിൽ രാസവസ്തുക്കൾ പ്രയോഗിക്കുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പച്ചക്കറികൾക്ക് പാടുകളോ കേടുപാടുകളോ ഉണ്ടാകരുതെന്ന ഉപഭോക്താക്കളുടെ സമീപനവും അമിതമായ രാസപ്രയോഗത്തിന് കാരണമാകുന്നുണ്ട്. പുറമേ നല്ല ഭംഗിയുള്ള പച്ചക്കറികൾക്കാണ് വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. ഈ പ്രവണത മാറേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
വീടുകളിൽ കൃഷിക്ക് കൂടുതൽ സ്ഥലം ആവശ്യമില്ലെന്നും മട്ടുപ്പാവിലോ വീട്ടുമുറ്റത്തോ പത്തോ ഇരുപതോ ക്യാരി ബാഗുകൾ ഉപയോഗിച്ച് പോലും വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാമെന്നും മന്ത്രി ഓർമിപ്പിച്ചു. വീടുകൾക്ക് പുറമെ സ്കൂളുകൾ, ഐ.ടി കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയെയും ഉൾപ്പെടുത്തി പച്ചക്കറി ഉത്പാദനം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കുന്നതിലൂടെ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാനാകുമെന്നാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ.










