
കേരളത്തിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ചാൻസലറും സംസ്ഥാന സർക്കാരും ഒത്തുതീർപ്പിലെത്തി. സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും വൈസ് ചാൻസലർമാരായി ഡോ. സിസ തോമസും ഡോ. സജി ഗോപിനാഥും തുടരണമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന ഒത്തുതീർപ്പ് കരാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു.
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയിൽ ഓഗസ്റ്റ് 17-നാണ് കരാർ ഒപ്പുവച്ചത്. ചാൻസലറുടെ പ്രതിനിധിയായി ഗവർണറുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി അശ്വതി പി.യും സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ എസ്സും കരാറിൽ ഒപ്പിട്ടു.
കരാർ പ്രകാരം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥും തുടരും. സർവകലാശാലാ നിയമങ്ങളിൽ യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും ധാരണയായി.
അതേസമയം, വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് കേസിൽ നേരത്തെ ഉയർന്നുവന്ന നിയമപരമായ പ്രശ്നങ്ങളും വാദങ്ങളും നിലനിൽക്കുമെന്ന വ്യവസ്ഥയും ഒത്തുതീർപ്പ് കരാറിലുണ്ട്. ചാൻസലറും സംസ്ഥാന സർക്കാരും കരാറിലെ വ്യവസ്ഥകൾ അംഗീകരിച്ചതായി സുപ്രീം കോടതിയെ അറിയിച്ചു.
തുടർന്ന് ചാൻസലർ സമർപ്പിച്ച വൈസ് ചാൻസലർ നിയമന ഹർജി സുപ്രീം കോടതി തീർപ്പാക്കി. സുപ്രീം കോടതിയിൽ നടന്ന പ്രത്യേക ലോക് അദാലത്തിലാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപിൻ പഞ്ചോലിയും അടങ്ങിയ ബെഞ്ച് ഹർജി പരിഗണിച്ച് തീർപ്പാക്കിയത്.
നേരത്തെ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. സജി ഗോപിനാഥിനെയും നിയമിച്ച് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ദുലിയ കമ്മീഷൻ തയ്യാറാക്കിയ പാനലിൽ നിന്നായിരുന്നു നിയമനം.
ചാൻസലറും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരും തമ്മിൽ സമവായത്തിലെത്തിയതിനെ തുടർന്നാണ് നിയമന നടപടികൾ മുന്നോട്ടുപോയത്. എന്നാൽ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിൽ കേസ് പൂർണമായി അവസാനിച്ചിരുന്നില്ല. ഇതിനിടെയാണ് ചാൻസലറുടെയും സർക്കാരിന്റെയും പ്രതിനിധികൾ തമ്മിൽ ഔദ്യോഗികമായി ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ചത്.










