08:39am 11 November 2026
NEWS
കേരള അര്‍ബന്‍ കോണ്‍ക്ലേവ് നഗരവികസനത്തിലെ വൈജ്ഞാനിക കൈമാറ്റത്തിന്റെ വേദിയായി മേയര്‍മാരുടെ സമ്മേളനം
13/09/2025  06:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള അര്‍ബന്‍ കോണ്‍ക്ലേവ് നഗരവികസനത്തിലെ വൈജ്ഞാനിക കൈമാറ്റത്തിന്റെ വേദിയായി മേയര്‍മാരുടെ സമ്മേളനം

കൊച്ചി : കേരള അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറത്തിലെ മേയര്‍മാരുടെ സമ്മേളനം നഗരവികസനത്തിലെ വൈജ്ഞാനിക കൈമാറ്റത്തിന്റെ വേദിയായി. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നുമുള്ള മേയര്‍മാര്‍ അതാത് നഗരങ്ങളില്‍ നടപ്പിലാക്കിയ നഗരവികസന പദ്ധതികളെക്കുറിച്ചും അവയുടെ ജയപരാജയങ്ങളെക്കുറിച്ചും വിശദീകരിച്ചു. നഗരവികസനത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടു രൂപീകരിക്കാന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാറിനെ സമ്മേളനത്തില്‍ പങ്കെടുത്ത മേയര്‍മാര്‍ അഭിനന്ദിച്ചു.

5570 നഗരസഭകളാണ് ബ്രസീലിലുള്ളത്. നഗരസഭകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാറിനും തുല്യപ്രാതിനിധ്യമുള്ള ഫെഡറല്‍ കൗണ്‍സിലാണ് നഗരവികസനത്തിന് നേതൃത്വം നല്‍കുന്നതെന്ന് ബ്രസീലിയന്‍ അസോസിയേഷന്‍ ഓഫ് മുനിസിപ്പാലിറ്റീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഡ്വേഡോ ടഡ്യൂ പറഞ്ഞു. നഗരവികസനത്തില്‍ വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ക്കാണ് പ്രധാന പരിഗണന നല്‍കുന്നത്. നഗരവികസനത്തിനായി നീക്കിവെക്കുന്ന ബജറ്റ് വിഹിതത്തിന്റെ 50 ശതമാനത്തോളം ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് വേണ്ടിയാണ് വകയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, ഭരണസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഒറ്റയിടത്ത് കേന്ദ്രീകരിക്കുന്ന രീതിയാണ് മാലിദ്വീപ് പിന്തുടരുന്നതെന്ന് മേയര്‍ ആദം അസിം വ്യക്തമാക്കി. ചെറിയ രാഷ്ട്രമായതുകൊണ്ടുതന്നെ സേവനങ്ങളെല്ലാം ഒരിടത്ത് ലഭിക്കുന്നത് ജനങ്ങള്‍ ഏറെ ഉപകാരപ്രദമാണ്. ജനസാന്ദ്രതയേറിയ ദ്വീപ് രാഷ്ട്രമായതുകൊണ്ടുതന്നെ നഗരവികസനം വലിയ വെല്ലുവിളിയാണ്. സ്ഥലപരിമിതി, മാലിന്യസംസ്‌കരണമടക്കമുള്ള കാര്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മാലിന്യ സംസ്‌കരണം വളരെ ചിലവേറിയ പ്രക്രിയയാണ്. ഇത്തരം വെല്ലുവിളികള്‍ മറികടക്കാന്‍ അന്താരാഷ്ട്ര സഹകരണവും വൈജ്ഞാനിക കൈമാറ്റവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ബന്‍ കോണ്‍ക്ലേവിലെ ചര്‍ച്ചകളില്‍ നിന്ന് ശ്രീലങ്കയിലെ നഗരവികസനത്തില്‍ പ്രവര്‍ത്തികമാക്കാവുന്ന നിരവധി ആശയങ്ങള്‍ ലഭിച്ചുവെന്ന് കൊളംബൊ സിറ്റി മേയര്‍ വ്രൈ കാല്ലി ബല്‍ത്താസര്‍ പറഞ്ഞു. സാങ്കേതിക വിദ്യകളുടെ വളര്‍ച്ച നഗരവികസനത്തില്‍ പ്രയോജനപ്പെടുത്താനാകണമെന്ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ മേയര്‍ സിറില്‍ സാബ പറഞ്ഞു. 

ഇന്ത്യയിലെ നഗരങ്ങളുടെ വികസനം ഇന്ത്യയുടെ വികസനം തന്നെയാണെന്ന പൊതു അഭിപ്രായം രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള മേയര്‍മാര്‍ പങ്കുവെച്ചു. വികസനത്തോടൊപ്പം തുല്യത, സുസ്ഥിരത, മനുഷ്യാന്തസ് എന്നിവയെ സംരക്ഷിക്കുന്ന നഗരവികസന നയമുണ്ടാകണമെന്ന അഭിപ്രായവും സമ്മേളനം പങ്കുവെച്ചു. ഹരിയാനയിലെ ഫരീദാബാദ,് തമിഴ്‌നാട്ടിലെ വെല്ലൂര്‍, ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ തുടങ്ങിയ നഗരങ്ങളുടെ മേയര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. തീര്‍ഥാടന കേന്ദ്രങ്ങളുടെ നഗരമായ ഫരീദാബാദില്‍ മാലിന്യപ്രശ്‌നവും വെള്ളക്കെട്ടും പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ച ഫരീദാബാദ് മേയര്‍ പര്‍വീണ്‍ ബത്ര ജോഷി ഈ പ്രവര്‍ത്തനങ്ങളില്‍ 70 ശതമാനം വിജയം കൈവരിക്കാനായെന്നും കൂട്ടിച്ചേര്‍ത്തു. വിദഗ്ധ ചികിത്സതേടി പ്രതിദിനം പതിനായിരങ്ങള്‍ എത്തുന്ന നഗരമാണ് വെല്ലൂര്‍. അതുകൊണ്ടുതന്നെ നഗരവികസനത്തില്‍ മാലിന്യസംസ്‌കരണമാണ് പ്രധാന ഉത്തരവാദിത്തമെന്ന് വെല്ലൂര്‍ നഗരസഭ മേയര്‍ സുജാത അനന്തകുമാര്‍ പറഞ്ഞു. നഗരസഭയും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജും സംയുക്തമായി രൂപീകരിച്ച മാലിന്യസംസ്‌കരണ സംവിധാനത്തെക്കുറിച്ച് അവര്‍ വിശദീകരിച്ചു. നഗരവികസന പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതില്‍ സ്ത്രീകള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും സുജാത അനന്തകുമാര്‍ പറഞ്ഞു. 

സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമത്വം ഉറപ്പാക്കുന്നതും സ്മാര്‍ട് ഗവേണന്‍സിന് പ്രാധാന്യം നല്‍കുന്നതുമായ നഗരവികസന നയമാണ് ഗുണ്ടൂര്‍ മുനിസിപ്പാലിറ്റി പിന്തുടരുന്നതെന്ന് മേയര്‍ കോവെലമുടി രവീന്ദ്ര പറഞ്ഞു. അഞ്ചു ദശലക്ഷം ടണ്ണിലധികം പൈതൃക മാലിന്യങ്ങള്‍ സംസ്‌കരിച്ചതിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് സോളാര്‍ വാഹനങ്ങള്‍, ഉറവിട സംസ്‌കരണവും കൃത്യമായ തരംതിരിക്കലും ഉറപ്പുവരുത്തല്‍, പുനരുപയോഗം പ്രോത്സാഹിപ്പിക്കല്‍ എന്നിങ്ങനെ കാര്‍ബണ്‍ ന്യൂട്രലാവുക എന്ന ലക്ഷ്യത്തോടെയുള്ള നഗരവികസന നയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡ്രെയ്‌നേജ് സംവിധാനം കാര്യക്ഷമമാക്കി, മഴവെള്ളത്തെ കൃത്യമായി മാനെജ് ചെയ്ത് നഗരത്തിലെ വള്ളപ്പൊക്കം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കാലാവസ്ഥ വ്യതിയാനം അതിവേഗത്തിലുള്ള കുടിയേറ്റം സാമൂഹിക സമത്വം ഉറപ്പാക്കല്‍ എന്നിങ്ങനെ നഗരവികസനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ സമ്മേളനത്തില്‍ അധ്യക്ഷനായി, തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്, കേരളത്തിലെ വിവിധ മുനിസിപ്പാലിറ്റികളുടെ അധ്യക്ഷര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img