
തിരുവനന്തപുരം: ആർഎസ്എസ് സംഘടിപ്പിച്ച യുവസംഗമത്തിൽ പങ്കെടുത്ത് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. തിരുവനന്തപുരം മണിവിളയിൽ നടന്ന ‘സങ്കൽപ് 2026 യുവസംഗമ’ത്തിലാണ് വിസി പങ്കെടുത്തത്. മുമ്പും ആർഎസ്എസ് വേദിയിൽ മോഹനൻ കുന്നുമ്മൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.
വന്ദേമാതരത്തെ എതിർക്കുന്നവർക്കെതിരെ കടുത്ത വിമർശനമാണ് പരിപാടിയിൽ മോഹനൻ കുന്നുമ്മൽ നടത്തിയത്. ‘അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അമ്മയുടെ മഹത്വം മനസ്സിലാക്കുന്നവർ വന്ദേമാതരം എപ്പോഴും പറയുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയരെ സംബന്ധിച്ചിടത്തോളം ഭാരതം അമ്മയാണെന്നും അതുകൊണ്ടാണ് ഭാരതാംബ എന്ന് വിളിക്കുന്നതെന്നും വിസി വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ചാണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തത്.
രാജ്യത്ത് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ടാകുമെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഇന്ത്യ വികസിത രാഷ്ട്രമാകാനുള്ള പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെ ആദരിച്ചു. കലാപരിപാടികൾക്കൊപ്പം 150 വിദ്യാർഥികൾ അണിനിരന്ന് വന്ദേമാതരം ആലപിക്കുകയും ചെയ്തു. ആർഎസ്എസ് വേദിയിലെ വിസിയുടെ സാന്നിധ്യവും പ്രസംഗത്തിലെ പരാമർശങ്ങളും വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കാനിടയുണ്ട്.










