
കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ നാടകീയ രംഗങ്ങൾ. സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയെന്ന് ഇടത് അംഗങ്ങൾ വ്യക്തമാക്കി. എന്നാൽ, യോഗത്തിന്റെ അജൻഡയിൽ ഈ വിഷയം ഉണ്ടായിരുന്നില്ലെന്നും താൻ യോഗം പിരിച്ചുവിട്ട ശേഷമെടുത്ത തീരുമാനമാണ് അതെന്നും വൈസ്ചാൻസലറുടെ താത്ക്കാലിക ചുമതല വഹിക്കുന്ന ഡോ. സിസ തോമസ് വ്യക്തമാക്കി. സിൻഡിക്കേറ്റ് തീരുമാനത്തോട് ബിജെപി അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തി. എന്നാൽ, റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ.
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടർന്ന് കേരള സർവകലാശാലാ റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തര സിൻഡിക്കറ്റ് യോഗം ചേർന്നത്. ഇടത്അനുകൂല സിൻഡിക്കറ്റ് അംഗങ്ങളായ 16 പേരും ഒരു യുഡിഎഫ് അംഗവും രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് യോഗം വിളിക്കാൻ വി.സിയുടെ താൽക്കാലിക ചുമതലയുള്ള ഡോ.സിസ തോമസ് സമ്മതിച്ചത്. സസ്പെൻഷൻ നടപടിക്കെതിരെ റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അടിയന്തര സിൻഡിക്കറ്റ് യോഗം.
എന്നാൽ, റജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഡോ. സിസ തോമസ്. വിഷയം യോഗത്തിന്റെ അജൻഡയിലും ഇല്ലെന്നും അതിനാൽ സസ്പെൻഷൻ റദ്ദാക്കപ്പെടില്ല. യോഗം പിരിച്ചുവിട്ടു താൻ പുറത്തുവന്നു. യോഗം പിരിച്ചുവിട്ടശേഷം എടുക്കുന്ന നടപടികൾക്ക് നിയമപിന്തുണ ഇല്ല. അത് അംഗീകരിക്കാനും കഴിയില്ല. തിങ്കളാഴ്ച കോടതിയിൽ കൊടുക്കുന്ന സത്യവാങ്മൂലം സംബന്ധിച്ചായിരുന്നു യോഗത്തിലെ അജൻഡ. അത് പൂർത്തീകരിക്കാനായില്ല. അതിലേക്ക് എത്താതിരിക്കാൻ ചർച്ച വഴി തിരിച്ചുവിട്ടതായും സിസ തോമസ് ആരോപിക്കുന്നു.











