08:46am 10 November 2026
NEWS
കേരള സർവകലാശാല സിൻഡിക്കേറ്റ് യോ​ഗത്തിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ
06/07/2025  04:28 PM IST
nila
കേരള സർവകലാശാല സിൻഡിക്കേറ്റ് യോ​ഗത്തിൽ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ

കേരള സർവകലാശാല സിൻഡിക്കേറ്റ് യോ​ഗത്തിൽ നാടകീയ രം​ഗങ്ങൾ.  സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയെന്ന് ഇടത് അം​ഗങ്ങൾ വ്യക്തമാക്കി. എന്നാൽ, യോ​ഗത്തിന്റെ അജൻഡയിൽ ഈ വിഷയം ഉണ്ടായിരുന്നില്ലെന്നും താൻ യോ​ഗം പിരിച്ചുവിട്ട ശേഷമെടുത്ത തീരുമാനമാണ് അതെന്നും വൈസ്ചാൻസലറുടെ താത്ക്കാലിക ചുമതല വഹിക്കുന്ന ഡോ. സിസ തോമസ് വ്യക്തമാക്കി. സിൻഡിക്കേറ്റ് തീരുമാനത്തോട് ബിജെപി അം​ഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തി. എന്നാൽ, റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ. 

കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടർന്ന് കേരള സർവകലാശാലാ റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിലാണ് അടിയന്തര സിൻഡിക്കറ്റ് യോഗം ചേർന്നത്. ഇടത്അനുകൂല സിൻഡിക്കറ്റ് അംഗങ്ങളായ 16 പേരും ഒരു യുഡിഎഫ് അംഗവും രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് യോഗം വിളിക്കാൻ വി.സിയുടെ താൽക്കാലിക ചുമതലയുള്ള ‍ഡോ.സിസ തോമസ് സമ്മതിച്ചത്. സസ്പെൻഷൻ നടപടിക്കെതിരെ റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അടിയന്തര സിൻഡിക്കറ്റ് യോഗം.

എന്നാൽ, റജിസ്ട്രാറുടെ സസ്പെൻഷൻ വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ചർച്ച ചെയ്യാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ഡോ. സിസ തോമസ്. വിഷയം യോഗത്തിന്റെ അ‍ജൻഡയിലും ഇല്ലെന്നും അതിനാൽ സസ്പെൻഷൻ റദ്ദാക്കപ്പെടില്ല. യോഗം പിരിച്ചുവിട്ടു താൻ പുറത്തുവന്നു. യോഗം പിരിച്ചുവിട്ടശേഷം എടുക്കുന്ന നടപടികൾക്ക് നിയമപിന്തുണ ഇല്ല. അത് അംഗീകരിക്കാനും കഴിയില്ല. തിങ്കളാഴ്ച കോടതിയിൽ കൊടുക്കുന്ന സത്യവാങ്മൂലം സംബന്ധിച്ചായിരുന്നു യോഗത്തിലെ അജൻഡ. അത് പൂർത്തീകരിക്കാനായില്ല. അതിലേക്ക് എത്താതിരിക്കാൻ ചർച്ച വഴി തിരിച്ചുവിട്ടതായും സിസ തോമസ് ആരോപിക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img