09:24am 10 November 2026
NEWS

കേരള സർവകലാശാല ആസ്ഥാനത്തേക്ക് കടന്ന എസ്എഫ്ഐ പ്രവർത്തകർ ലാത്തി പിടിച്ചുവാങ്ങി പൊലീസുകാരെ തല്ലി

08/07/2025  03:17 PM IST
nila
 കേരള സർവകലാശാല ആസ്ഥാനത്തേക്ക് കടന്ന എസ്എഫ്ഐ പ്രവർത്തകർ ലാത്തി പിടിച്ചുവാങ്ങി പൊലീസുകാരെ തല്ലി

കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം അക്രമാസക്തം. പ്രതിഷേധക്കാർ സർവകലാശാല ആസ്ഥാനത്തേയ്ക്കു തള്ളിക്കിയറി പൊലീസുമായി ഏറ്റുമുട്ടി. വൻ സംഘർഷത്തിനാണ് സർവകലാശാല ആസ്ഥാനം സാക്ഷ്യംവഹിച്ചത്. പൊലീസുകാരുടെ ലാത്തി പിടിച്ചുവാങ്ങിയാണ് എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ തല്ലിയത്. 

ജനാല വഴി ഉൾപ്പെടെ കെട്ടിടത്തിനുള്ളിൽ കയറിയ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനെ നോക്കുകുത്തികളാക്കി മണിക്കൂറുകളോളം  സർവകാശാല കെട്ടിടം കയ്യേറി. സെനറ്റ് ഹാളിലേക്കു കടന്നുകയറി, വിസിയുടെ ചേംബറിന് സമീപം വരെ പ്രവർത്തകരെത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ ആദ്യം മടികാണിച്ച പൊലീസ്, പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ഇതിനിടെ, എസ്ഫ്ഐ പ്രവർത്തകർക്കു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എത്തി. ഉച്ചയോടെയാണ് എം.വി.ഗോവിന്ദൻ സമരക്കാർക്കിടയിലേക്ക് എത്തിയത്. എസ്എഫ്‌ഐ സംസ്ഥാന നേതാക്കളുമായി ഗോവിന്ദൻ സംസാരിച്ചു. ജനാധിപത്യപരമായി പ്രവർത്തിക്കാൻ വൈസ് ചാൻസലർ തയാറാകണമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.

ആർഎസ്എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പുറപ്പെട്ടാൽ കേരളത്തിലെ വിദ്യാർഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ല. പാർട്ടിയുടെ പൂർണ പിന്തുണ സമരക്കാർക്കുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. വിസിയെ ഇനി സർവകലാശാലയുടെ പടികയറ്റില്ലെന്ന് എസ്എഫ്‌ഐ നേതാക്കൾ പറഞ്ഞു. സംഘർഷസമയത്ത് വിസിയുടെ ചുമതലയുള്ള ഡോ.സിസ തോമസ് സർവകലാശാലയിൽ ഉണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img