വൈസ് ചാൻസലറുടെ വിലക്ക് മറികടന്ന് കേരള സർവകലാശാല റജിസ്ട്രാർ ഓഫീസിലെത്തി

വൈസ് ചാൻസലറുടെ വിലക്ക് മറികടന്ന് കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ സർവകലാശാല ആസ്ഥാനത്തെത്തി. രജിസ്ട്രാർ സസ്പെൻഷനിലാണെന്ന നിർദ്ദേശം താത്കാലിക വിസി ഡോ. സിസാ തോമസ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. രജിസ്ട്രാരുടെ മുറിയിൽ ആരും അനധികൃതമായി കടക്കരുതെന്ന നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ, ഇന്നു രാവിലെ പതിനൊന്ന് മണിയോടെ ഡോ. കെ എസ് അനിൽകുമാർ സർവകലാശാല ആസ്ഥാനത്ത് എത്തിയപ്പോൾ സുരക്ഷാ ജീവനക്കാർ തടഞ്ഞില്ല,
രജിസ്ട്രാർ സസ്‌പെൻഷനിലാണെന്നും ഓഫീസിൽ ഹാജരാവുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഡോ. സിസാ തോമസ് ചൊവ്വാഴ്ച രാത്രി അനിൽകുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് അനിൽകുമാർ മറുപടിയും നൽകിയിരുന്നു. തന്നെ നിയമിച്ച സിൻഡിക്കേറ്റ് സസ്‌പെൻഷൻ റദ്ദാക്കിയിട്ടുണ്ടെന്നും പദവിയിൽ തുടരാൻ നിയമപരമായി തടസ്സമില്ലെന്നുമായിരുന്നു നോട്ടീസിന് അനിൽകുമാർ നൽകിയ മറുപടി.
നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെയെന്നായിരുന്നു സർവകലാശാല ആസ്ഥാനത്തെത്തിയ അനിൽകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റജിസ്ട്രാറുടെ ചുമതല ജോയിന്റ് റജിസ്ട്രാർ ഡോ.മിനി കാപ്പന് വിസി കൈമാറിയിട്ടുണ്ട്.











