
കേരള സർവകലാശാലയിലെ ഭാരതാംബ ചിത്ര വിവാദം പുതിയ വഴിത്തിരിവിലേക്ക്. സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള ഗവർണർ പങ്കെടുത്ത പരിപാടിക്ക് നൽകിയ അനുമതി റദ്ദാക്കിയതിനാണ് രജിസ്ട്രാർക്കെതിരെ നടപടി. ഗവർണർ വേദിയിലിരിക്കെ, സ്വകാര്യ പരിപാടി റദ്ദാക്കിയെന്ന് രാജ്ഭവന് രജിസ്ട്രാർ ഇ-മെയിൽ അയച്ചത് അനാദരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് വി.സിയുടെ നടപടി. ബാഹ്യസമ്മർദ്ദത്തിന് വഴങ്ങിയുള്ള ചട്ടവിരുദ്ധമായ പെരുമാറ്റമാണിതെന്നാണ് വി.സിയുടെ വിശദീകരണം. എന്നാൽ വി.സിക്ക് ഈ വിഷയത്തിൽ അധികാരമില്ലെന്നും, താൻ കോടതിയെ സമീപിക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.
ഗവർണറുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷനെന്ന് മന്ത്രി ആർ.ബിന്ദു തുറന്നടിച്ചു. വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാനുള്ള ശ്രമത്തെ അതേ നിലയിൽ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സീനിയർ ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിനാണ് ഇപ്പോൾ രജിസ്ട്രാറുടെ ചുമതല. കേരള സർവകലാശാലയിൽ ആദ്യമായാണ് ഒരു രജിസ്ട്രാർ സസ്പെൻഷനിലാവുന്നത്.
കഴിഞ്ഞ 25-ന് ശ്രീപത്മനാഭ സേവാസമിതി സെനറ്റ് ഹാളിൽ നടത്തിയ പരിപാടിയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സംഘാടകർ ഹാൾ ബുക്കുചെയ്തിരുന്നെങ്കിലും, സർവകലാശാല ചട്ടപ്രകാരം മതപരമായ ചടങ്ങുകളും പ്രഭാഷണങ്ങളും പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു. ഇത് സംഘാടകർ തള്ളുകയായിരുന്നു.
ഹാളിൽ സംഘർഷാവസ്ഥയാണെന്ന് രജിസ്ട്രാർ ഗവർണറെ ഫോണിൽ അറിയിച്ചിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ ഗവർണർ പരിപാടിയിൽ പങ്കെടുത്തു. ഈ സമയം രാജ്ഭവന് അനുമതി റദ്ദാക്കിയെന്ന് രജിസ്ട്രാർ സന്ദേശമയച്ചു. ഗവർണറുടെ നിർദ്ദേശപ്രകാരമുള്ള വി.സിയുടെ അന്വേഷണത്തിൽ, രജിസ്ട്രാർ പറഞ്ഞിട്ടാണ് മെയിലയച്ചതെന്ന് പി.ആർ.ഒ മൊഴി നൽകി. വേദിയിൽ ദേവിയുടെ ചിത്രം കണ്ടെന്നാണ് സെക്യൂരിറ്റി ഓഫീസറുടെ മൊഴി. ഭാരതാംബയുടെ ചിത്രം ഏത് മതത്തെ പ്രതിനിധീകരിക്കുന്നു എന്ന് വിശദീകരിക്കാൻ രജിസ്ട്രാർക്ക് സാധിച്ചില്ലെന്നും വി.സി ഗവർണറെ അറിയിച്ചിരുന്നു.
വി.സി റഷ്യയിലായതിനാൽ ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സിസാ തോമസിനാണ് നിലവിൽ കേരള സർവകലാശാല വി.സിയുടെ ചുമതല. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം നിയമനാധികാരിയായ സിൻഡിക്കേറ്റിനാണെന്ന് മന്ത്രി ആർ. ബിന്ദുവും, വി.സിയുടെ ഉത്തരവിന് ഒരു വിലയുമില്ലെന്ന് സിൻഡിക്കേറ്റംഗം ജി. മുരളീധരൻപിള്ളയും പ്രതികരിച്ചു. അതേസമയം, താൻ നിയമനുസൃതമായാണ് പ്രവർത്തിച്ചതെന്നും, സംഘർഷമുണ്ടായപ്പോൾ ഇടപെടാൻ പോലീസ് അഭ്യർത്ഥിച്ചിരുന്നതായും ഡോ. കെ.എസ്. അനിൽകുമാർ വ്യക്തമാക്കി.











