
കൊച്ചി/ തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടിക്ക് ശേഷം സിൻഡിക്കേറ്റ് അദ്ദേഹത്തെ തിരിച്ചെടുത്ത തീരുമാനം ഗവർണർ അസാധുവാക്കും. ഇതോടെ ഡോ. അനിൽകുമാർ സസ്പെൻഷനിൽ തുടരേണ്ടിവരും. സിൻഡിക്കേറ്റിന് നോട്ടീസ് നൽകിയ ശേഷമാവും ഗവർണറുടെ നടപടി.
വൈസ് ചാൻസലറുടെ അസാന്നിധ്യത്തിൽ ചേർന്ന സമാന്തര യോഗത്തിലെ തീരുമാനങ്ങൾ റദ്ദാക്കാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു. വി.സിയുടെ റിപ്പോർട്ട് തേടിയ ശേഷമാണ് ഗവർണറുടെ ഈ നീക്കം. പിരിച്ചുവിട്ട യോഗമായിരുന്നു എന്നും മിനിട്ട്സിൽ ഒപ്പുവെച്ചിട്ടില്ലെന്നും വി.സി സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. സർവകലാശാല നിയമം 7(3) പ്രകാരം ഈ നടപടി റദ്ദാക്കാനാണ് ഗവർണറുടെ തീരുമാനം.
നിലവിൽ രജിസ്ട്രാറുടെ ചുമതലയിൽ രണ്ട് പേരാണ് ഉള്ളതെന്ന അപൂർവതയുമുണ്ട്. വി.സി ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നെങ്കിലും മുറിയിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം, ഇന്നലെയും ഡോ. അനിൽകുമാർ ഓഫീസിലെത്തി വൈകിട്ടുവരെ തുടർന്നു.
ഹൈക്കോടതി ഇടപെട്ടില്ല; മുൻ എം.എൽ.എ രാജേഷിനെതിരെ കോടതിയലക്ഷ്യ നടപടി
രജിസ്ട്രാറെ തിരിച്ചെടുത്ത സിൻഡിക്കേറ്റ് നടപടിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. തിരിച്ചെടുത്തത് ഉചിതമായ അതോറിറ്റിക്ക് പരിശോധിക്കാമെന്ന് ചൂണ്ടിക്കാട്ടിയതോടെ വിഷയം ഗവർണറുടെ മുന്നിലെത്തുകയായിരുന്നു. സെനറ്റ് ഹാളിൽ നടന്ന ഗവർണറുടെ ചടങ്ങിൽ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്താണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സിൻഡിക്കേറ്റ് തിരിച്ചെടുത്തതിനാൽ ഹർജി പിൻവലിക്കുന്നതായി രജിസ്ട്രാർ കോടതിയെ അറിയിക്കുകയായിരുന്നു.
അതേസമയം, വാദത്തിനിടെ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും മുൻ എം.എൽ.എയുമായ ആർ. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. "ഹൈക്കോടതിയിൽ ഇരിക്കുന്നത് നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീയല്ല" എന്ന തലക്കെട്ടിലുള്ള കുറിപ്പാണ് കോടതിയെ ചൊടിപ്പിച്ചത്. രാജേഷിനെതിരെ സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ഡി.കെ. സിംഗ് വ്യക്തമാക്കി. തന്നിൽ സമ്മർദ്ദം ചെലുത്താനാണ് ശ്രമിക്കുന്നതെന്നും, തന്റെ സൽപ്പേര് ഒറ്റദിവസം കൊണ്ട് ഉണ്ടാക്കിയതല്ലെന്നും, തന്റെ കുഴിമാടത്തിലേ രാജേഷിന് സമ്മർദ്ദം ചെലുത്താനാവൂ എന്നും ജസ്റ്റിസ് സിംഗ് കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ യൂണിവേഴ്സിറ്റി സ്റ്റാൻഡിംഗ് കോൺസൽ തോമസ് എബ്രഹാം മൗനം പാലിച്ചു. രജിസ്ട്രാറിനും വി.സിക്കും വേണ്ടി അവരുടെ അഭിഭാഷകരാണ് ഹാജരായത്.











