
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ക്രമസമാധാനനില ഉറപ്പാക്കുന്നതിനായി ഗവർണർ ആർ.വി.ആർ. ലേക്കർ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ രണ്ടുതവണ വിളിച്ചുവരുത്തി. സർവകലാശാലയ്ക്കും വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിനും സുരക്ഷ ഉറപ്പാക്കണമെന്നും സർവകലാശാലയുടെ 200 മീറ്റർ പരിധിയിൽ സമരങ്ങൾ തടയണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് വി.സിക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
അതേസമയം, സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ ഗവർണറെ കാണാൻ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. സസ്പെൻഷനിലായതിനാൽ ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് രാജ്ഭവൻ അദ്ദേഹത്തെ അറിയിച്ചു. സസ്പെൻഷൻ ഉത്തരവിനെ വകവയ്ക്കാതെ ഡോ. അനിൽകുമാർ ഇന്നലെയും ഓഫീസിലെത്തി.
ഡോ. അനിൽകുമാറിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, തന്റെ നിയമനം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണെന്നും ഇത് നിയമപരമാണെന്നുമാണ് ഡോ. അനിൽകുമാറിന്റെ വിശദീകരണം. ഇതേ രീതിയിൽ മറ്റു സർവകലാശാലകളിലും നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.











