
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വൈസ് ചാൻസലറും സസ്പെൻഷനിലുള്ള രജിസ്ട്രാറും തമ്മിലുള്ള തർക്കം പുതിയ തലങ്ങളിലേക്ക്. സസ്പെൻഷനിലായ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ ഡിജിറ്റൽ ഫയൽ ലോഗിൻ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ റദ്ദാക്കി. ഇതോടെ അനിൽകുമാറിന് ഇനി ഫയലുകൾ പരിശോധിക്കാൻ കഴിയില്ല. രജിസ്ട്രാറുടെ ഇ-ഫയൽ ലോഗിൻ പ്ലാനിംഗ് ഡയറക്ടർ ഡോ. മിനി കാപ്പന് നൽകിയിട്ടുണ്ട്.
ഡോ. അനിൽകുമാറിന് ലോഗിൻ വീണ്ടും അനുവദിക്കരുതെന്ന് കെൽട്രോണിന് വി.സി കത്ത് നൽകി. ആരുടെയെങ്കിലും സമ്മർദ്ദത്തിന് വഴങ്ങി ലോഗിൻ മാറ്റി നൽകിയാൽ നിയമനടപടിയെടുക്കുമെന്നും കെൽട്രോണിനെ അറിയിച്ചിട്ടുണ്ട്.
രജിസ്ട്രാറുടെ ഔദ്യോഗിക സീൽ ഇന്ന് രാവിലെ 10:30-നകം തിരികെ നൽകാനും വി.സി നിർദ്ദേശം നൽകി. സീൽ തിരികെ നൽകിയില്ലെങ്കിൽ പോലീസിൽ പരാതി നൽകുമെന്നും വി.സി അറിയിച്ചു. രജിസ്ട്രാറുടെ ശമ്പളം തടയാനുള്ള വി.സിയുടെ നിർദ്ദേശം നടപ്പാക്കുമെന്ന് ഫിനാൻസ് ഓഫീസർ അറിയിച്ചു. ശമ്പളം നൽകിയാൽ ഫിനാൻസ് ഓഫീസറുടെ ബാധ്യതയിൽ പെടുമെന്ന് വി.സി മുന്നറിയിപ്പ് നൽകിയിരുന്നു. വി.സി സർവകലാശാലയിൽ ഉണ്ടായിരുന്ന ഇന്നലെ ഡോ. അനിൽകുമാർ ഓഫീസിൽ എത്തിയില്ല. പകരം അദ്ദേഹം കാര്യവട്ടം ക്യാമ്പസ് സന്ദർശിച്ചു.
വി.സിക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം
ഇന്നലെ 1100 ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിട്ട് മടങ്ങിയ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. വി.സി സർവകലാശാലയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ എസ്.എഫ്.ഐക്കാർ കാറിനു മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്തു. പ്രധാന ഗേറ്റ് ഒഴിവാക്കി രണ്ടാം ഗേറ്റ് വഴി വി.സിയെ പുറത്തെത്തിച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ചും പ്രതിഷേധത്തെക്കുറിച്ചും ഗവർണറെയും കോടതിയെയും അറിയിക്കുമെന്ന് വി.സി വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരുനൂറിലേറെ പോലീസുകാരെ സർവകലാശാലാ ആസ്ഥാനത്ത് നിയോഗിച്ചിരുന്നു.
സിൻഡിക്കേറ്റ് വിളിക്കണം: മന്ത്രി
സിൻഡിക്കേറ്റ് യോഗം ഉടൻ വിളിച്ചുചേർക്കാൻ മന്ത്രി ആർ. ബിന്ദു വി.സിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. നേരത്തെ വി.സിയുമായി നടത്തിയ കൂടിക്കാഴ്ചയിലും മന്ത്രി ഇക്കാര്യം ഉന്നയിച്ചിരുന്നു. എന്നാൽ രജിസ്ട്രാർ സസ്പെൻഷൻ അംഗീകരിച്ച് മാറിനിന്ന ശേഷം മാത്രം സിൻഡിക്കേറ്റ് വിളിക്കുന്നത് പരിഗണിക്കാമെന്നായിരുന്നു വി.സിയുടെ മറുപടി. സർവകലാശാല സ്റ്റാറ്റ്യൂട്ട് 6 (1) പ്രകാരം രണ്ടുമാസം കൂടുമ്പോഴാണ് യോഗം ചേരേണ്ടത്. ജൂലൈ ആറിന് സ്പെഷ്യൽ സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. ചട്ടപ്രകാരം ഇനി സെപ്റ്റംബർ ആറിനകം ചേർന്നാൽ മതിയാകും.











