
തിരുവനന്തപുരം:കേരള സർവകലാശാലയിൽ സർക്കാരും ഗവർണറും തമ്മിൽ നിലനിന്നിരുന്ന തർക്കം അനുരഞ്ജനത്തിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് ഇത്. അതേസമയം, സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വി.സിമാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീം കോടതിയിൽ അപ്പീൽ നൽകും.
വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ രജിസ്ട്രാർ ഡോ. കെ.എ. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കണമെന്ന് ഗവർണർ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി വിവരമുണ്ട്. സസ്പെൻഷൻ അംഗീകരിച്ച ശേഷം കുറച്ചു ദിവസത്തേക്ക് അനിൽകുമാർ ഓഫീസിൽ വരരുത്. അതിനുശേഷം സസ്പെൻഷൻ പുനഃപരിശോധിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന നിർദ്ദേശവും ഗവർണർ മുന്നോട്ട് വെച്ചതായാണ് സൂചന. ഈ നിർദ്ദേശം സർക്കാരിന് സ്വീകാര്യമാകാൻ സാധ്യതയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെ ഗവർണറുമായി ചർച്ച നടത്തി. 4.35 വരെ നീണ്ട കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നു. ഗവർണർക്കും മുഖ്യമന്ത്രിക്കുമൊപ്പം ഗവർണറുടെ സെക്രട്ടറി ദേവേന്ദ്രകുമാർ ധൊതാവതും ചർച്ചയിൽ പങ്കെടുത്തു.
ബില്ലുകൾ ഒപ്പിടണം
ഗവർണർ ഒപ്പിടാതെ വെച്ചിരിക്കുന്ന ബില്ലുകൾക്ക് അംഗീകാരം നേടുക എന്നതും മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള ബിൽ ഗവർണർ അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ സർക്കാർ ചട്ടങ്ങൾ പോലും തയ്യാറാക്കിയിരുന്നു. ഒരു ഡസനോളം അപേക്ഷകൾ നിലവിൽ സർക്കാരിന്റെ പരിഗണനയിലുണ്ട്. സർവകലാശാലാ നിയമഭേദഗതിയുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ബില്ലുകളും ഗവർണറുടെ പരിഗണനയിലുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ കേരള ഹൗസിൽ ഇരുവരും അടുത്തടുത്ത മുറികളിൽ താമസിക്കവേ അനൗദ്യോഗികമായ ആശയവിനിമയം നടത്തിയിരുന്നുവെന്നും സൂചനയുണ്ട്. അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്തുമായാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്. കത്ത് വായിച്ച ഗവർണർ, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ സർവകലാശാലയിലെ സംഭവങ്ങൾ സംബന്ധിച്ച് തനിക്ക് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിച്ചു. സസ്പെൻഷൻ ഉത്തരവ് ധിക്കരിച്ച് രജിസ്ട്രാർ സർവകലാശാലയിൽ എത്തുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതിന് തുല്യമല്ലേ എന്ന ചോദ്യവും ഗവർണർ ഉന്നയിച്ചു. ഇടതുപക്ഷക്കാരായ സിൻഡിക്കേറ്റ് അംഗങ്ങളുടെ നടപടികളും ചർച്ചയിൽ വിഷയമായി.











