
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധ ഭീഷണിയും അനിയന്ത്രിതമായി വർദ്ധിക്കുന്നു. വന്യമൃഗശല്യത്തിന് പുറമേ നാട്ടിലെ മൃഗങ്ങളോടും പോരാടേണ്ട അവസ്ഥയിലാണ് മലയോര മേഖലകളുൾപ്പെടെയുള്ള ജനങ്ങൾ. കുട്ടികളും ഇരുചക്രവാഹന യാത്രക്കാരുമാണ് തെരുവുനായ്ക്കളുടെ പ്രധാന ഇരകൾ. ഇടുക്കി ജില്ലയിൽ മാത്രം ഈ വർഷം ഇതുവരെ രണ്ടായിരത്തി അഞ്ഞൂറിലധികം പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. സംസ്ഥാനത്തുടനീളം സമാനമായ രീതിയിൽ ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
നേരത്തെ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നെങ്കിലും, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം നിലവിൽ അതിന് നിയമപരമായ വിലക്കുണ്ട്. വന്ധ്യംകരണത്തിലൂടെ മാത്രമേ നായ്ക്കളുടെ വംശവർദ്ധനവ് തടയാൻ സാധിക്കൂ എന്നിരിക്കെ, ഇതിനായുള്ള പദ്ധതികളുടെ നടത്തിപ്പിൽ അധികൃതർ കാട്ടുന്ന മെല്ലെപ്പോക്ക് വലിയ ജനപ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
ചട്ടങ്ങൾ കാറ്റിൽപ്പറത്തി അധികൃതർ; ഇടുക്കിയിൽ എ.ബി.സി സെന്ററില്ല
ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു വന്ധ്യംകരണ കേന്ദ്രമെങ്കിലും വേണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും കേരളത്തിൽ എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) സെന്റർ ഇല്ലാത്ത ഏക ജില്ലയായി ഇടുക്കി തുടരുകയാണ്. പൈനാവ് കുയിലിമലയിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൂന്ന് വർഷം മുമ്പ് ആധുനിക സൗകര്യങ്ങളോടെയുള്ള സെന്ററിന് രൂപരേഖ തയ്യാറാക്കിയെങ്കിലും നിർമ്മാണം ഇപ്പോഴും പാതിവഴിയിലാണ്.
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ 3.5 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. ജില്ലാ പഞ്ചായത്ത് 20 ലക്ഷവും, ബ്ലോക്ക് പഞ്ചായത്തുകൾ എട്ടുലക്ഷവും, ഗ്രാമപഞ്ചായത്തുകൾ അഞ്ചുലക്ഷം രൂപ വീതവും ഇതിനായി ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. എന്നാൽ അനുബന്ധ സൗകര്യങ്ങൾക്കായി ഒരു കോടി രൂപ കൂടി അധികം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും എ.ബി.സി സെന്ററുകളുടെ പ്രവർത്തനം പൂർണ്ണതോതിൽ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്.
വംശവർദ്ധനവിന് കാരണം അശാസ്ത്രീയ മാലിന്യനിക്ഷേപം
സംസ്ഥാനത്ത് തെരുവുനായ്ക്കൾ പെരുകാൻ പ്രധാന കാരണം പൊതുജനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യ നിക്ഷേപവും അശാസ്ത്രീയമായി പ്രവർത്തിക്കുന്ന അറവുശാലകളുമാണ്. തദ്ദേശസ്ഥാപനങ്ങൾ മാലിന്യനിർമ്മാർജ്ജന പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇവയൊന്നും പ്രായോഗിക തലത്തിൽ ഫലപ്രദമാകുന്നില്ല. റോഡരികിലും ഒഴിഞ്ഞ സ്ഥലങ്ങളിലും തള്ളുന്ന ഇറച്ചിമാലിന്യങ്ങൾ തിന്നാൻ നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത് കാൽനട-വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആശുപത്രി പരിസരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇപ്പോൾ നായ്ക്കളുടെ താവളങ്ങളാണ്.
പേവിഷബാധ: ലക്ഷണങ്ങളും പ്രതിരോധവും
പേവിഷബാധയേറ്റ മൃഗങ്ങളുടെ കടിയോ മാന്തലോ നക്കലോ ഏറ്റാൽ പ്രാരംഭ ലക്ഷണങ്ങളായി തലവേദന, ക്ഷീണം, നേരിയ പനി എന്നിവ ഉണ്ടാകാം. മൃഗങ്ങളുടെ ആക്രമണത്തിന് ഇരയായാൽ ഉടൻ തന്നെ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റോളം കഴുകി വൃത്തിയാക്കുകയും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും വേണം. വളർത്തുമൃഗങ്ങൾക്ക് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും തുടർന്ന് എല്ലാ വർഷവും ബൂസ്റ്റർ ഡോസ് വാക്സിനും നൽകേണ്ടത് നിർബന്ധമാണ്.
സുപ്രീംകോടതിയുടെ കർശന നിർദ്ദേശമുള്ളതിനാൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് അടിയന്തരമായി വന്ധ്യംകരണ കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുകയും മാലിന്യനിർമ്മാർജ്ജനം കാര്യക്ഷമമാക്കുകയും വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.











