05:25pm 16 May 2026
NEWS
ഘടകകക്ഷികൾക്ക് മന്ത്രിമാർ കുറയും, കോൺ​ഗ്രസിന് കൂടും; യുഡിഎഫ് മന്ത്രിമാരുടെ സാധ്യതാപട്ടിക
16/05/2026  07:27 AM IST
nila
ഘടകകക്ഷികൾക്ക് മന്ത്രിമാർ കുറയും, കോൺ​ഗ്രസിന് കൂടും; യുഡിഎഫ് മന്ത്രിമാരുടെ സാധ്യതാപട്ടിക

തിരുവനന്തപുരം: കേരളത്തിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി യുഡിഎഫ്. മുന്നണിക്കുള്ളിൽ മന്ത്രിസഭാ രൂപീകരണം ചർച്ചയാകും മുമ്പ് തന്നെ എല്ലാ പാർട്ടികളും തങ്ങളുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രാഥമിക അവകാശവാദങ്ങൾ ഉന്നയിച്ച് കഴിഞ്ഞു. മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിലും വകുപ്പുവിഭജനത്തിലും വലിയ മാറ്റങ്ങൾക്ക് സാധ്യത തെളിയുന്നു എന്നാണ് സൂചന. വിവിധ ഘടകകക്ഷികൾ കൂടുതൽ പ്രാതിനിധ്യത്തിനും നിർണായക വകുപ്പുകൾക്കും വേണ്ടി സമ്മർദം ശക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിപദവിയുൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിമാർ എന്നതാണ് നിലവിലെ ധാരണ. എന്നാൽ ഒരു സീറ്റ് കൂടി ലഭ്യമാക്കാനുള്ള സാധ്യതയും പാർട്ടി പരിശോധിക്കുന്നുണ്ട്. അഞ്ചു മന്ത്രിസ്ഥാനങ്ങളാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. നാല് മന്ത്രിസ്ഥാനങ്ങൾ നൽകുന്ന ഫോർമുലയാണ് ഇപ്പോൾ സജീവപരിഗണനയിൽ. ഇതിന് പുറമെ മറ്റു പ്രധാന പദവികളും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. എം.കെ. മുനീറിനായി ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷസ്ഥാനം വേണമെന്നതാണ് ലീഗിന്റെ പ്രധാന ആവശ്യം. കെ.പി.എ. മജീദിനും ഒരു ഉന്നത പദവി നൽകണമെന്ന നിർദേശമുണ്ട്. ചെറുകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനങ്ങൾ വീതം നൽകാനാണ് സാധ്യത. ആർ.എം.പി. മന്ത്രിസ്ഥാനം ആവശ്യപ്പെടില്ലെന്നാണു സൂചന.

കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കുള്ള മറ്റൊരു പദവിയും ലഭിക്കാനിടയുണ്ട്. പി.ജെ. ജോസഫിന് ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷസ്ഥാനം നൽകണമെന്ന ആവശ്യം പാർട്ടി മുന്നോട്ടുവെച്ചിട്ടുണ്ട്. കെ.ഡി.പി. നേതാവ് മാണി സി. കാപ്പന് മന്ത്രിസ്ഥാനത്തിന് പകരം ചീഫ് വിപ്പ് പദവി നൽകുന്നതും ചർച്ചയിലാണ്.

വകുപ്പുവിഭജനത്തിൽ റവന്യൂ വകുപ്പ് പിടിക്കാനുള്ള മത്സരമാണ് ശക്തം. ജോസഫ് ഗ്രൂപ്പിനും മുസ്ലിം ലീഗിനും റവന്യൂവിൽ താൽപര്യമുണ്ട്. റവന്യൂ ലഭിക്കാത്ത പക്ഷം പൊതുമരാമത്ത്, ടൂറിസം, അല്ലെങ്കിൽ പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ഒരുമിച്ച് വേണമെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. ആരോഗ്യവകുപ്പും ലീഗിന്റെ മുൻഗണന പട്ടികയിലുണ്ട്.

സി.എം.പി. തുറമുഖവും സഹകരണവകുപ്പും ആവശ്യപ്പെടുമെന്നാണ് വിവരം. കെ.എസ്.ആർ.ടി.സി. ഉൾപ്പെടുന്ന ഗതാഗതവകുപ്പ് കോൺഗ്രസ് കൈകാര്യം ചെയ്യാൻ സാധ്യതയുണ്ട്. വിദ്യാഭ്യാസവകുപ്പും കോൺഗ്രസിനൊപ്പം തുടർന്നേക്കും.

സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരാണ് നിലവിൽ മുൻനിരയിൽ. അദ്ദേഹം മന്ത്രിസഭയിൽ ഇടംപിടിച്ചാൽ സ്പീക്കർ സ്ഥാനത്തേക്ക് റോജി എം. ജോണിന്റെ പേരും സജീവപരിഗണനയിലെത്തും.

മന്ത്രിമാരുടെ സാധ്യതാപട്ടിക

കോൺഗ്രസ്: രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ശക്തൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എം. ലിജു, ബിന്ദു കൃഷ്ണ, ടി. സിദ്ദിഖ്, വി.പി. സജീന്ദ്രൻ (ഇവരിൽനിന്ന് ഒരാൾ സ്പീക്കറും ഒരാൾ ഡെപ്യൂട്ടി സ്പീക്കറുമാകും)

കോൺഗ്രസ് പരിഗണിക്കുന്ന മറ്റു പേരുകൾ: വി.ടി. ബൽറാം, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല, കെ. ജയന്ത്, എം. വിൻസന്റ്

മുസ്ലിം ലീഗ്: പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, കെ.കെ.എം. അഷ്‌റഫ്

കേരള കോൺഗ്രസ് (ജോസഫ്): മോൻസ് ജോസഫ്

കേരള കോൺഗ്രസ് (ജേക്കബ്): അനൂപ് ജേക്കബ്,

ആർ.എസ്.പി: ഷിബു ബേബി ജോൺ,

സി.എം.പി : സി.പി. ജോൺ,

കെ.ഡി.പി: മാണി സി. കാപ്പൻ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img