
തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമാറ്റത്തിന് തുടക്കമായി വി.ഡി. സതീശൻ നയിക്കുന്ന പുതിയ യുഡിഎഫ് മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ 21 അംഗ മന്ത്രിസഭയാണ് ചുമതലയേൽക്കുന്നത്. പുതിയ മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങൾക്കും ഇതാദ്യമായാണ് മന്ത്രിസ്ഥാനം ലഭിക്കുന്നത്. മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറിയെങ്കിലും വകുപ്പുകളുടെ ഔദ്യോഗിക പ്രഖ്യാപനം സത്യപ്രതിജ്ഞയ്ക്കുശേഷമാകും. മന്ത്രിസഭയിൽ രണ്ട് വനിതകൾ ഇടംപിടിച്ചിട്ടുണ്ട്. കോൺഗ്രസിന് മുഖ്യമന്ത്രിയുൾപ്പെടെ 12 മന്ത്രിമാരാണുള്ളത്. മുസ്ലിം ലീഗിന് അഞ്ച് സ്ഥാനങ്ങളും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ ഘടകകക്ഷികൾക്ക് ഓരോ സ്ഥാനവുമാണ് ലഭിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറായും എത്തും. ചീഫ് വിപ്പ് പദവി കേരള കോൺഗ്രസിന് ലഭിച്ചപ്പോൾ അപു ജോൺ ജോസഫാണ് ആ ചുമതല വഹിക്കുക. “ഗസറ്റ് വിജ്ഞാപനത്തിൽ ചില അപ്രതീക്ഷിതങ്ങളും ഉണ്ടാകും” എന്നായിരുന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം.
കോൺഗ്രസിനകത്തും മുസ്ലിം ലീഗിനകത്തും ഓരോ മന്ത്രിസ്ഥാനം രണ്ടര വർഷത്തിനു ശേഷം കൈമാറ്റം ചെയ്യാനാണ് ധാരണ. മുസ്ലിം ലീഗിൽ പിന്നീട് പാറയ്ക്കൽ അബ്ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അനൂപ് ജേക്കബും മാണി സി. കാപ്പനും തമ്മിലും ടേം വ്യവസ്ഥയിൽ ധാരണയായി. ആദ്യ ഘട്ടത്തിൽ അനൂപ് ജേക്കബിനായിരിക്കും മന്ത്രിസ്ഥാനം.
യുവമുഖങ്ങൾക്ക് പ്രാധാന്യം നൽകിയ മന്ത്രിസഭയാണിത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉൾപ്പെടെ ആറു പുതുമുഖ എംഎൽഎമാർ മന്ത്രിസഭയിലെത്തുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രവർത്തക പ്രസിഡന്റുമാരായ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും മന്ത്രിസ്ഥാനം നേടി.
മുഖ്യമന്ത്രി വി.ഡി. സതീശൻ ധനം, നിയമം, പൊതുഭരണം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുമെന്നാണ് സൂചന. സണ്ണി ജോസഫിന് റവന്യു, കെ. മുരളീധരന് ആരോഗ്യം–ദേവസ്വം, എം. ലിജുവിന് എക്സൈസ്, ബിന്ദു കൃഷ്ണയ്ക്ക് വനിതാ–ശിശുക്ഷേമം, കെ.എ. തുളസിക്ക് പട്ടികവിഭാഗ–പിന്നാക്കക്ഷേമം എന്നീ വകുപ്പുകളിലും ധാരണയായിട്ടുണ്ട്.
വൈദ്യുതി വകുപ്പ് സംബന്ധിച്ച ചർച്ചകൾക്കിടെ കെ. മുരളീധരൻ അതൃപ്തി അറിയിച്ചതായാണ് വിവരം. എ.പി. അനിൽകുമാറിന് വൈദ്യുതി വകുപ്പ് ലഭിക്കാമെന്ന സാധ്യതയും ശക്തമാണ്. ടി. സിദ്ദീഖിന് വനം, പി.സി. വിഷ്ണുനാഥിന് ടൂറിസം–സാംസ്കാരികം, റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസം, ഒ.ജെ. ജനീഷിന് യുവജനക്ഷേമം എന്നീ വകുപ്പുകൾ ലഭിക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഘടകകക്ഷി നേതാക്കളിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും വ്യവസായ–ഐടി വകുപ്പുകൾ ലഭിക്കാനാണ് സാധ്യത. മോൻസ് ജോസഫിന് ജലവിഭവവും സി.പി. ജോണിന് ഗതാഗതവും ലഭിക്കും. ഷിബു ബേബി ജോൺ ആവശ്യപ്പെട്ട ജലവിഭവം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന് ലഭിക്കുന്ന വകുപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. അനൂപ് ജേക്കബിന്റെ വകുപ്പും ഇതുവരെ അന്തിമമായിട്ടില്ല.










