02:03pm 20 May 2026
NEWS

മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി; ​ഗവർണർക്ക് പട്ടിക കൈമാറി മുഖ്യമന്ത്രി

20/05/2026  11:07 AM IST
nila
 മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി; ​ഗവർണർക്ക് പട്ടിക കൈമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിസഭ രൂപീകരണത്തിന് പിന്നാലെ മൂന്നാം ദിവസമാണ് യുഡിഎഫ് സർക്കാർ വകുപ്പുവിഭജനം പൂർത്തിയാക്കിയത്. രാവിലെ ലോക്ഭവനിൽ നടന്ന ജി. സുധാകരന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ വകുപ്പു പട്ടിക ഗവർണർക്ക് കൈമാറി.

റോജി എം ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നൽകിയതായും എം. ലിജുവിന് എക്‌സൈസിനൊപ്പം സഹകരണ വകുപ്പിന്റെ ചുമതലയും ലഭിച്ചതായുമാണ് സൂചന. എന്നാൽ, സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല. വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രഖ്യാപനം വൈകാൻ കാരണമായതെന്നാണു വിവരം. ഇന്നാണ് മന്ത്രിസഭാ യോഗം ചേരുന്നത്. അതിന് മുമ്പ് വിജ്ഞാപനം പുറത്തിറങ്ങിയില്ലെങ്കിൽ, മന്ത്രിമാർക്ക് വകുപ്പുകളില്ലാതെയാണ് യോഗത്തിൽ പങ്കെടുക്കേണ്ടി വരിക.

ഫിഷറീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ പരസ്പരം വച്ചുമാറുന്നതു സംബന്ധിച്ച് കോൺഗ്രസും മുസ്‍ലിം ലീഗും ധാരണയിലെത്താത്തതായിരുന്നു മുഖ്യ തടസമായതെന്നാണു വിവരം. ഉന്നത വിദ്യാഭ്യാസം കോൺഗ്രസിനു നൽകുമ്പോൾ പകരം ഫിഷറീസ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു ലീഗ്. അതിനു കോൺഗ്രസ് നേരത്തേ അനുകൂലമായിരുന്നെങ്കിലും ലത്തീൻ സഭാ നേതൃത്വം കടുത്ത എതിർപ്പുന്നയിച്ചതോടെ പുനരാലോചനയിലേക്കു കടക്കുകയായിരുന്നു. കോൺഗ്രസ് കൈകാര്യം ചെയ്യാറുള്ള ഫിഷറീസ് ലീഗിനു വിട്ടുകൊടുക്കരുതെന്ന അഭിപ്രായം കോൺഗ്രസിനുള്ളിലും ഉയർന്നിരുന്നു. മന്ത്രിമാരായ കെ.മുരളീധരനും സി.പി.ജോണും ലത്തീൻ സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി അനുനയത്തിനു ശ്രമിച്ചിരുന്നു. രമേശ് ചെന്നിത്തല (ആഭ്യന്തരം), പി.കെ.കുഞ്ഞാലിക്കുട്ടി (വ്യവസായം), കെ.മുരളീധരൻ (ആരോഗ്യം), എൻ.ഷംസുദീൻ (പൊതുവിദ്യാഭ്യാസം), ഷിബു ബേബി ജോൺ (വനം), സി.പി.ജോൺ (ഗതാഗതം) എന്നിവരാണ് വകുപ്പ് ഉറപ്പിച്ച മന്ത്രിമാർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img