
തൃശൂർ–ഇരിങ്ങാലക്കുട സംസ്ഥാനപാതയ്ക്കു സമീപം തിരുവുള്ളക്കാവ്-പാറക്കോവിൽ റോഡരികിലെ മാലിന്യക്കൂനയിൽ നിന്നും കണ്ടെത്തിയത് മന്ത്രിക്ക് നേരിട്ട് നൽകിയ നിവേദനം. ചെറൂർ സ്വദേശിയായ സ്ത്രീ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന് നൽകിയ അപേക്ഷയാണ് റോഡരുകിലെ മാലിന്യത്തിനൊപ്പം കണ്ടെത്തിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് സ്ഥലംമാറ്റത്തിന് വേണ്ടിയായിരുന്നു ഭാര്യ മന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയത്.
ശനിയാഴ്ച തൃശൂരിൽ സാമൂഹികനീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിൽ വച്ചായിരുന്നു ചെറൂർ സ്വദേശിനി മന്ത്രിക്ക് നിവേദനം നൽകിയത്. കാര്യം പരിഹരിക്കാം എന്നു പറഞ്ഞാണ് മന്ത്രി അപേക്ഷ സ്വീകരിച്ചതെന്നും ഇവർ പറയുന്നു. റോഡിൽ മാലിന്യം തള്ളിയതു നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇന്നലെ ചേർപ്പ് പഞ്ചായത്ത് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ചടങ്ങിൽ നിന്നുള്ള ഭക്ഷണമാലിന്യത്തിനൊപ്പം അപേക്ഷ കണ്ടെത്തിയത്.
അപേക്ഷയിൽ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വിവരങ്ങൾ അറിഞ്ഞു. മന്ത്രിയുടെ ഓഫിസ് സ്റ്റാഫുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നും ഒരു തവണ കൂടി വാട്സാപ്പിൽ അയച്ചുതരാനുമാണു പറഞ്ഞത്. മാലിന്യം തള്ളിയവർക്കെതിരെ പതിനായിരം രൂപ പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയിട്ടുണ്ട്.











