
പാലക്കാട്–ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 24, 25 തീയതികളിൽ ഏതാനും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. ചില ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതിനൊപ്പം ചില സർവീസുകൾ ഭാഗികമായി മാത്രമേ ഓടുകയുള്ളൂ.
24ന് പുറപ്പെടുന്ന ടാറ്റാ നഗർ–എറണാകുളം എക്സ്പ്രസ് (18189) ആലുവയിൽ സർവീസ് അവസാനിപ്പിക്കും. അതേസമയം, 25ന് മംഗളൂരു സെൻട്രൽ–തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
മാവേലി എക്സ്പ്രസിന് അന്ന് എറണാകുളം ജംക്‌ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
25ന് ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22207) കോട്ടയം വഴിയായിരിക്കും ഓടുക. എറണാകുളം ജംക്‌ഷൻ, ആലപ്പുഴ എന്നിവിടങ്ങളിൽ ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
യാത്രക്കാർ ട്രെയിൻ പുറപ്പെടുന്ന സമയത്തിനും സ്റ്റോപ്പുകളിലും ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി പരിശോധിച്ച ശേഷം യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു.










