12:19am 24 October 2026
NEWS
പരിശീലന കാലത്ത് 10,000 രൂപ സ്റ്റൈപൻഡ്; പഠിച്ച് കഴിഞ്ഞാൽ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; തെങ്ങിൽ കയറിയാൽ തലകറങ്ങാത്ത ചെറുപ്പക്കാർക്ക് ജോലി ഉറപ്പിച്ച് ടോഡി ബോർഡ്
22/10/2026  12:08 PM IST
nila
പരിശീലന കാലത്ത് 10,000 രൂപ സ്റ്റൈപൻഡ്; പഠിച്ച് കഴിഞ്ഞാൽ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; തെങ്ങിൽ കയറിയാൽ തലകറങ്ങാത്ത ചെറുപ്പക്കാർക്ക് ജോലി ഉറപ്പിച്ച് ടോഡി ബോർഡ്

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമ്പോഴും പാരമ്പര്യ തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ തേടുന്നവർക്കായി കേരളത്തിൽ വേറിട്ടൊരു പരിശീലന പദ്ധതി. കള്ളുചെത്ത് പഠിക്കാം, പരിശീലനകാലത്ത് 10,000 രൂപ സ്റ്റൈപൻഡും നേടാം. ഒരു മാസം നീളുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പാക്കാനും പദ്ധതിയുണ്ട്. കേരള കള്ള് വ്യവസായ വികസന ബോർഡും കേരള കാർഷിക സർവകലാശാലയും ചേർന്നാണ് യുവാക്കളെ ലക്ഷ്യമിട്ട് പരിശീലന പരിപാടി ഒരുക്കുന്നത്.

യുവാക്കളെ കള്ളുചെത്ത് മേഖലയിലേക്ക് ആകർഷിക്കുന്നതിനൊപ്പം സംസ്ഥാനത്ത് രൂക്ഷമായ തൊഴിലാളിക്ഷാമത്തിന് പരിഹാരം കാണുകയും സ്ഥിരവരുമാനമുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കോഴ്സിനെക്കുറിച്ച് പ്രതീക്ഷിച്ചതിലും കൂടുതൽ അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

ഒരു മാസത്തെ പരിശീലനം; ഭക്ഷണവും താമസവും സൗജന്യം

50 വയസ്സിൽ താഴെയുള്ളവർക്കാണ് പരിശീലനം ലക്ഷ്യമിടുന്നത്. കോഴ്സിന്റെ നടത്തിപ്പ് ചുമതല കേരള കാർഷിക സർവകലാശാലയ്ക്കാണ്. പരിശീലനത്തിനാവശ്യമായ തെങ്ങുകൾ സർവകലാശാല ലഭ്യമാക്കും. ഒരു മാസം നീളുന്ന പരിശീലന കാലയളവിൽ ഭക്ഷണവും താമസവും സൗജന്യമായിരിക്കും. ഇതിനു പുറമേ 10,000 രൂപ സ്റ്റൈപൻഡും ലഭിക്കും.

തെങ്ങിൽ കയറുന്നതു മുതൽ കള്ള് ചെത്തിയെടുക്കുന്നതും ശേഖരിച്ച് ഷാപ്പിൽ എത്തിക്കുന്നതും വരെയുള്ള കാര്യങ്ങൾ പരിശീലനത്തിന്റെ ഭാഗമാകും. കള്ളുചെത്ത് മേഖലയിൽ 20 വർഷത്തിലേറെ അനുഭവപരിചയമുള്ള ആശാൻമാരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം.

ഒരു സ്ഥാപനത്തിന്റെ കീഴിൽ ഇത്തരത്തിൽ ക്രമബദ്ധമായ കള്ളുചെത്ത് പരിശീലനം നൽകുന്നത് കേരളത്തിൽ ആദ്യമായിരിക്കുമെന്നാണ് ടോഡി ബോർഡ് പ്രതിനിധികൾ പറയുന്നത്. ആദ്യ ബാച്ച് തിരുവനന്തപുരത്ത് ആരംഭിക്കാനാണ് ആലോചന. ഒരു ബാച്ചിൽ 30 പേർക്ക് പ്രവേശനം നൽകാനാണ് പദ്ധതി.

ദിവസം 578 രൂപ വരെ വേതനം; മറ്റ് ആനുകൂല്യങ്ങളും

കള്ളുചെത്ത് തൊഴിലിൽ ലഭിക്കുന്ന വരുമാനവും മറ്റ് ആനുകൂല്യങ്ങളും യുവാക്കൾക്കിടയിൽ വേണ്ടത്ര അറിയപ്പെടുന്നില്ലെന്നാണ് തൊഴിലാളിക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ കേരളത്തിൽ ഏകദേശം 25,000 പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇവരിൽ വലിയൊരു വിഭാഗം 50 വയസ്സ് പിന്നിട്ടവരാണ്. അതിഥിത്തൊഴിലാളികൾ ഈ മേഖലയിലേക്ക് കാര്യമായി കടന്നുവരാത്തതും പുതിയ തലമുറയിൽ താൽപര്യം കുറയുന്നതും തൊഴിലാളികളുടെ ലഭ്യതയെ ബാധിക്കുന്നു.

കയറുന്ന തെങ്ങുകളുടെ എണ്ണത്തിന് പകരം ശേഖരിച്ച് അളന്നുനൽകുന്ന കള്ളിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് വേതനം കണക്കാക്കുന്നത്. ഓരോ റേഞ്ചിലും നിരക്കുകളിൽ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന്, ആലപ്പുഴയിൽ അഞ്ചു ലീറ്റർ കള്ള് അളന്നുനൽകുമ്പോൾ 435.50 രൂപ ഡിഎയും 142.50 രൂപ കള്ളുവിലയും ഉൾപ്പെടെ ആകെ 578 രൂപ ലഭിക്കുമെന്നാണ് കണക്ക്. ഒരു തെങ്ങിൽനിന്ന് ശരാശരി രണ്ടു ലീറ്റർ കള്ള് പ്രതിദിനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇതിനു പുറമേ വർഷത്തിൽ 38 ശതമാനം ബോണസ്, കാഷ്വൽ ലീവ്, ഇഎസ്ഐ, പിഎഫ്, ക്ഷേമനിധി തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. 30 വർഷത്തെ സർവീസുള്ളവർക്ക് വിരമിക്കുമ്പോൾ ക്ഷേമനിധിയിൽനിന്ന് കുറഞ്ഞത് 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ലഭിക്കാമെന്നും തുടർന്ന് പ്രതിമാസം 2,000 മുതൽ 5,000 രൂപ വരെ പെൻഷന് അർഹതയുണ്ടാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തൊഴിലാളികളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ചില മേഖലകളിൽ സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ ഉയർന്ന തുക ഷാപ്പുടമകൾ നൽകുന്നതായും പറയുന്നു.

ആദ്യ ബാച്ചിൽ 30 പേർ; അപേക്ഷകർ 16

ആദ്യ ബാച്ചിൽ 30 പേരെ ഉൾപ്പെടുത്താനാണ് ടോഡി ബോർഡിന്റെ തീരുമാനം. ഇതിനകം ഏകദേശം 16 പേർ കോഴ്സിൽ ചേരാൻ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നുള്ളവരാണ്.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് കള്ളുചെത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും ടോഡി ബോർഡ് സഹായം നൽകും. കൂടുതൽ പേർ താൽപര്യം അറിയിക്കുന്നതനുസരിച്ച് തുടർന്നുള്ള ബാച്ചുകളിലേക്ക് പ്രവേശനം നൽകാനും പദ്ധതിയുണ്ട്.

യുവാക്കൾക്ക് തൊഴിൽപരിശീലനത്തോടൊപ്പം വരുമാനമാർഗം ഉറപ്പാക്കുകയും പാരമ്പര്യ തൊഴിൽ മേഖലയെ നിലനിർത്തുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോഴ്സിൽ പ്രവേശനം നേടുന്നവർക്ക് പരിശീലനവും തുടർന്നുള്ള തൊഴിൽ അവസരവും ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബോർഡ്.

ടോഡി ബോർഡ് പ്രതിനിധി ഡിപി മധു വ്യക്തമാക്കിയതനുസരിച്ച്, തെങ്ങിൽ കയറി കള്ള് ശേഖരിക്കുന്നതിനാവശ്യമായ പ്രായോഗിക പരിശീലനത്തിനാണ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്. കേരള സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് കൂടിയായ അദ്ദേഹം, യുവാക്കളെ ഈ മേഖലയിലേക്ക് ആകർഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img