
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നെന്ന കുഞ്ഞിന്റെ മാതൃസഹോദരൻ ഹരികുമാറിന്റെ മൊഴി പൂർണമായും വിശ്വസിക്കാതെ പൊലീസ്. കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് ചോദ്യം ചെയ്യലിനിടെ ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇത് പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കുഞ്ഞിന്റെ അമ്മ അമ്മ ശ്രീതുവിൻ്റെ സഹായം ഇയാൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
കുട്ടിയുടെ അച്ഛൻ ശ്രീജിത്ത്, അമ്മ ശ്രീതു ഉൾപ്പെടെ മൂവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മൂന്നുപേരെയും പോലീസ് ഇപ്പോഴും ചോദ്യംചെയ്യൽ തുടരുകയാണ്. മൂന്നുപേരും എന്തോ മറയ്ക്കാൻ ശ്രമിക്കുന്നെന്ന സംശയം പൊലീസിനുണ്ട്.
വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.










