
തിരുവനന്തപുരം: മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇനി രണ്ട് ദിവസം മാത്രം. നാളെ (ഏപ്രിൽ 7, ചൊവ്വ) വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാനിക്കും. പ്രകടനങ്ങളും മുദ്രാവാക്യം വിളികളുമായി മുന്നണികൾ കരുത്തുറ്റ ‘കൊട്ടിക്കലാശം’ നടത്താനുള്ള ഒരുക്കത്തിലാണ്. നാളെ വൈകിട്ട് കഴിഞ്ഞ് നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്ന കേരളം, നാലാം നാൾ (ഏപ്രിൽ 9) ബൂത്തിലെത്തി തങ്ങളുടെ ജനവിധി രേഖപ്പെടുത്തും.
അവസാന ലാപ്പിൽ വോട്ടർമാരെ നേരിൽ കാണുന്ന സ്‌ക്വാഡ് വർക്കുകൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് മുന്നണികൾ. ഇത്തവണ നൂറിലേറെ സീറ്റുകൾ നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ് ആവർത്തിക്കുമ്പോൾ, മെച്ചപ്പെട്ട മുന്നേറ്റമുണ്ടാക്കാനാവുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട്. നിയമസഭയിൽ തങ്ങളുടെ കരുത്ത് വർദ്ധിപ്പിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് എൻ.ഡി.എ.
നേതാക്കളുടെ പടയോട്ടം
അവസാന നിമിഷം പ്രമുഖ നേതാക്കളെ അണിനിരത്തി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് എല്ലാ പാർട്ടികളും. എൻ.ഡി.എയ്ക്ക് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം മൂന്ന് പ്രധാന യോഗങ്ങളിൽ പങ്കെടുത്തു. യു.ഡി.എഫിനായി രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിലെത്തും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്നലെ പീരുമേട്ടിലും കൊട്ടാരക്കരയിലും നടന്ന സമ്മേളനങ്ങളിൽ സംസാരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലമായ ധർമ്മടത്ത് കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമ്പോൾ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി തലസ്ഥാനത്ത് സജീവമാണ്.
വിവാദങ്ങളും പ്രത്യാക്രമണങ്ങളും
പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോൾ ആരോപണങ്ങളും കടുക്കുകയാണ്. ബി.ജെ.പി ഡീൽ വിവാദവും ശബരിമല സ്വർണ്ണത്തട്ടിപ്പും ഉയർത്തി യു.ഡി.എഫ് എൽ.ഡി.എഫിനെ ആക്രമിക്കുമ്പോൾ, വയനാട് ഫണ്ട് പിരിവ് ഉയർത്തിയാണ് എൽ.ഡി.എഫിന്റെ പ്രത്യാക്രമണം. അതിനിടെ, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുമുന്നണികളെയും വിമർശിച്ചത് തിരഞ്ഞെടുപ്പ് ഗോദയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.











