04:38pm 12 November 2026
NEWS
ആഗോള സുഗന്ധവ്യഞ്ജന സമ്മേളനത്തിന് കേരളം വേദിയാകുന്നു
13/01/2026  03:50 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആഗോള സുഗന്ധവ്യഞ്ജന സമ്മേളനത്തിന് കേരളം വേദിയാകുന്നു

 

കൊച്ചി: ആഗോള സുഗന്ധവ്യഞ്ജനങ്ങൾ വ്യവസായത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതിനായി ഓൾ ഇന്ത്യ സ്‌പൈസസ് എക്സ്പോർട്ടേഴ്‌സ് ഫോറം (എ.ഐ. എസ്.ഇ.എഫ്) സംഘടിപ്പിക്കുന്ന ഒൻപതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐ.എസ്.സി. 2026)  ഫെബ്രുവരി 23 മുതൽ 26 വരെ കൊച്ചിയിൽ നടക്കും. “സ്പൈസ് 360 – ഭാവിക്ക് സജ്ജമാകാം” എന്നതാണ് സമ്മേളനത്തിൻ്റെ പ്രമേയം.

ഫെബ്രുവരി 23ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം മുൻ ജി-20 പ്രതിനിധിയും നിതി ആയോഗിന്റെ മുൻ മേധാവിയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്യും. ഭക്ഷണ–കാർഷിക വ്യവസായ മേഖലയിലെ ഭാവി സാധ്യതകളെക്കുറിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. പ്രകൃതിദത്ത ഭക്ഷണ നിറങ്ങളുടെ ആഗോള ഉത്പാദകരായ ഒറ്റെറയുടെ മേധാവി മാർട്ടിൻ സോൺടാഗ് മുഖ്യാതിഥിയായി പങ്കെടുക്കും.

ചരിത്രാതീത കാലം മുതൽക്ക് തന്നെ ആഗോള തലത്തിൽ  സുഗന്ധവ്യഞ്ജനങ്ങളുടെ പറുദീസയായായി അറിയപ്പെടുന്ന കേരളത്തിൽ അന്താരഷ്ട്ര സമ്മേളനം നടക്കുന്നു എന്നത് ഏറെ പ്രസക്തമാണ്. ആഗോള വ്യാപാര രംഗത്തെ മാറ്റങ്ങളും അനിശ്ചിതത്വങ്ങളും മുൻനിർത്തി  വളർച്ചയും പ്രതിരോധ രീതികളും സുസ്ഥിരതയും പുനരാവിഷ്കരിക്കാൻ  സമ്മേളനം അവസരം ഒരുക്കുമെന്ന് എ.ഐ. എസ്.ഇ.എഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ പറഞ്ഞു,

വ്യാപാര–കാലാവസ്ഥാ വെല്ലുവിളികൾ നേരിടുന്നതിനും സാങ്കേതിക നവീകരണം സ്വീകരിക്കുന്നതിനും ശക്തമായ വിതരണ ശൃംഖലകൾ നിർമ്മിക്കുന്നതിനുമാണ് സമ്മേളനം ഊന്നൽ നൽകുന്നതെന്ന് വൈസ് ചെയർമാൻ നിഷേഷ് ഷാ പറഞ്ഞു

സമീപകാലത്തുണ്ടായ ആഗോള വ്യാപാര തടസ്സങ്ങൾ ഇന്ത്യൻ കയറ്റുമതിക്കാരെ വിപണി വൈവിധ്യമാക്കാനും, ആസിയാൻ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും, മൂല്യവർധിത ഉൽപ്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനും പ്രേരിപ്പിച്ചതായി സംഘാടകർ പറഞ്ഞു. ഇത്തരം ഭാവി ലക്ഷ്യമാക്കിയുള്ള സമീപനങ്ങളാണ് സമ്മേളനത്തിലെ പ്രധാന ചർച്ചകൾ.

ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ അന്താരാഷ്ട്ര ധാരണാപത്രങ്ങൾ കൈമാറൽ, പ്രദർശനത്തിന്റെ ഉദ്ഘാടനം, അവാർഡ് സമർപ്പണം എന്നിവ നടക്കും. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ വ്യാപാര ചർച്ചകളും സംവാദ വേദികളും സഹകരണ യോഗങ്ങളും നടക്കും.

 ഫെബ്രുവരി 26ന്   കർണാടക ആഗ്രികൾച്ചർ പ്രൈസ് കമ്മീഷൻ 
ചെയർമാൻ അശോക് ദൽവായ് വിതരണ ശൃംഖലയുടെ ഭാവി സുരക്ഷയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. ടാമാസ് സാർകാഡി, മാത്യു ഗ്യുമാസ്, കമേഷ് എല്ലജോസ്യുല, ലോറ ഷുമോ, ആൻഡ്രേ കിച്ച് തുടങ്ങിയ അന്താരാഷ്ട്ര വിദഗ്ധരും സമ്മേളനത്തിൽ സംസാരിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ വിദഗ്ധർ പ്രതിനിധികളായി പങ്കെടുക്കും.

പുതിയ സാങ്കേതിക വിദ്യകൾ, നവീകരണങ്ങൾ, സുസ്ഥിരതയും കാലാവസ്ഥാ പ്രതിരോധ ശേഷിയും, ഗുണനിലവാര ഉറപ്പുവരുത്തൽ, , വിപണി വിവരശേഖരണം, വ്യാപാര പരിവർത്തനം എന്നിവ സമ്മേളനത്തിൽ സുപ്രധാന  ചർച്ചാവിഷയങ്ങളാവും. 

കൃത്രിമ ബുദ്ധി പ്രയോജനപ്പെടുത്തിയുള്ള കൃഷി, പ്രിസിഷൻ ഫാർമിങ്ങ് , ആധുനിക സംസ്‌കരണ സാങ്കേതിക വിദ്യകൾ, കാലാവസ്ഥാ സൗഹൃദ ഉറവിടങ്ങൾ, മാറുന്ന ആഗോള നിയമ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചും പ്രത്യേക സെഷനുകൾ നടക്കും.

മഞ്ഞൾ, ഇഞ്ചി, ജീരകം, മുളക്, മെഡിറ്ററേനിയൻ ഔഷധസസ്യങ്ങൾ, ചൈനയിലെ പ്രധാന സുഗന്ധവ്യഞ്ജനങ്ങൾ, കുരുമുളക്, ഉണക്കിയ ഉൽപ്പന്നങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള വിള–വിപണി സെഷനുകൾ വിപണി സ്ഥിതിഗതികളും ഉൽപ്പാദന സാധ്യതകളും വിശദീകരിക്കും. ഇവ ആഗോള വ്യാപാര രംഗത്ത്  തീരുമാനങ്ങൾ എടുക്കാൻ കയറ്റുമതിക്കാരെ സഹായിക്കും.

സുഗന്ധവ്യഞ്ജന മൂല്യ വർദ്ധനവ്, നവീകരണം, സുസ്ഥിരത, ഗുണനിലവാരം, നേതൃത്വം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന അവാർഡ്ദാന ചടങ്ങ് നടക്കും. എ. ഐ. എസ്. ഇ എഫ്  ലൈഫ് ടൈം അച്ചീവ്മെൻ്റ്  അവാർഡ്, സ്പൈസസ്  എക്സലൻസ് അവാർഡ്,  ഐ.എസ്.സി. സസ്റ്റൈനബിലിറ്റി  അവാർഡ്, ഇന്നവേഷൻ അവാർഡ്  തുടങ്ങിയവയാണ് അവാർഡുകൾ. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img