
തിരുവനന്തപുരം: ലഹരി എന്ന വിപത്തിനെ നാടുകടത്താൻ കുട്ടികൾ സ്വയം സന്നദ്ധപ്രവർത്തകരായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജ്യാന്തര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പും വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷനും സംയുക്തമായി കവടിയാറിൽ സംഘടിപ്പിച്ച ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ലഹരി ഉപയോഗം തകർക്കുന്നത് വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും സമൂഹത്തെയുമാണ്. കുട്ടികൾ മാതാപിതാക്കളുടെ മാത്രമല്ല, ഈ നാടിന്റെയാകെ പ്രതീക്ഷയാണ്." - മുഖ്യമന്ത്രി വി.ഡി. സതീശൻ
ലഹരി മാഫിയയെ പൂർണ്ണമായും ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കവടിയാറിൽ നിന്ന് കനകക്കുന്ന് കൊട്ടാരം വരെ നടന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക്-സൈക്കിൾ റാലികൾ, റോളർ സ്കേറ്റിങ് എന്നിവ അരങ്ങേറി.
വരുന്നു 'മയങ്ങില്ല കേരളം' ജനജാഗ്രതാ പോർട്ടൽ
അന്താരാഷ്ട്ര ലഹരി ശൃംഖലകളെ തകർക്കാൻ സംസ്ഥാനത്ത് സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. ഇതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'മയങ്ങില്ല കേരളം' എന്ന പദ്ധതിയും നടപ്പിലാക്കും.
പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി പങ്കുവെക്കാൻ സഹായിക്കുന്ന ജനജാഗ്രതാ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും ജൂലൈ ഒന്നിന് പ്രവർത്തനസജ്ജമാകും. ലഹരിവിരുദ്ധ പ്രവർത്തനങ്ങളെ സമഗ്രമായി ഏകോപിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംരംഭമായിരിക്കും ഇതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എക്സൈസ് വകുപ്പിൽ വൻ പരിഷ്കാരങ്ങൾ
ലഹരിവേട്ട ശക്തമാക്കുന്നതിനായി സർക്കാർ നടപ്പിലാക്കും.
താലൂക്കുകളിൽ ഡി-അഡിക്ഷൻ സെന്ററുകൾ: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ താലൂക്കുകളിലും വിപുലമായ ഡി-അഡിക്ഷൻ സെന്ററുകൾ സ്ഥാപിക്കും. എൻഫോഴ്സ്മെന്റിന് പുറമെ ബോധവത്കരണത്തിനും പുനരധിവാസത്തിനുമാണ് മുൻഗണന.
എക്സൈസ് നവീകരണം: ആധുനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും കുറവ് നികത്തി എക്സൈസ് ഓഫീസുകളെ 'മോഡൽ എക്സൈസ് ഓഫീസുകളായി' മാറ്റും.
ഓപ്പറേഷൻ തണ്ടർ: നിലവിൽ ലഹരി പരിശോധനകൾക്കായി നടന്നു വരുന്ന 'തൂഫാൻ', 'തണ്ടർ' എന്നീ ഓപ്പറേഷനുകളിലൂടെ 14,700-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജകള്ള് കണ്ടെത്താനായി 'ഓപ്പറേഷൻ ശുദ്ധി' എന്ന പേരിൽ പ്രത്യേക പരിശോധനയും ഉടൻ ആരംഭിക്കും.
കവടിയാറിൽ നടന്ന ചടങ്ങുകളിലും വാർത്താസമ്മേളനത്തിലും എക്സൈസ് കമ്മീഷണർ സാംബശിവ റാവു, കൗൺസിലർ ശബരീനാഥൻ കെ.എസ്, വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.









