04:28am 17 October 2026
NEWS
വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ
16/10/2026  08:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിനു മങ്കാദ് ട്രോഫിയിൽ അസമിനെ തകർത്ത് കേരളം നോക്കൗട്ടിൽ

ലഖ്നൗ: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ അസമിനെതിരെ ഉജ്ജ്വല വിജയവുമായി കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടി. 252 റൺസിനാണ് കേരളം അസമിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം അഹ്മദ് ഖാന്റെ സെഞ്ച്വറിയുടെ മികവിൽ 377 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസം 125 റൺസിന് ഓൾഔട്ടായി. ഇതോടെ ഡി ഗ്രൂപ്പിൽ നിന്ന് 12 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ടിൽ കടന്നത്. മുംബൈയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ.

കേരളം 50 ഓവറിൽ 377/10, അസം 30.5 ഓവറിൽ 125/10

ഓപ്പണർമാർ നൽകിയ തകർപ്പൻ തുടക്കമാണ് മത്സരത്തിൽ കേരളത്തിന് മുതൽക്കൂട്ടായത്. അഹ്മദ് ഖാനും കെ.ആർ. രോഹിതും ചേർന്ന് 17.1 ഓവറിൽ 174 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കെ.ആർ. രോഹിത് 68 റൺസെടുത്തപ്പോൾ അഹ്മദ് ഖാൻ ടൂർണമെന്റിലെ തന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി. 61 പന്തുകളിൽ 14 ഫോറും ആറ് സിക്സുമടക്കം 109 റൺസാണ് അഹ്മദ് നേടിയത്. ഇരുവ‍ർക്കുമൊപ്പം സംഗീത് സാഗറിന്റെയും (1) ക്യാപ്റ്റൻ ഹൃഷികേശിന്റെയും (12) വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 200 റൺസെന്ന നിലയിലായിരുന്നു കേരളം. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അമയ് മനോജും മാനവ് കൃഷ്ണയും ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തു. അമയ് 56ഉം മാനവ് 28ഉം റൺസെടുത്തു. തുടർന്ന് അവസാന ഓവറുകളിൽ ആഞ്ഞടിച്ച തോമസ് മാത്യുവും എസ്. ജിനേഷും ചേർന്നാണ് കേരളത്തിന്റെ സ്കോർ 377ൽ എത്തിച്ചത്. തോമസ് മാത്യു 31 പന്തുകളിൽ നിന്ന് 52 റൺസെടുത്തപ്പോൾ ജിനേഷ് 16 പന്തുകളിൽ നിന്ന് 33 റൺസെടുത്തു. അസമിന് വേണ്ടി രാഹുൽ തമൂലി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസം ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ അമൻ യാദവും ഓപ്പണർ തുഷാർ രുദ്രയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അമൻ യാദവ് 31ഉം തുഷാർ രുദ്ര 32ഉം റൺസെടുത്തു. 30.5 ഓവറിൽ 125 റൺസിന് അസം ഓൾഔട്ടായി. കേരളത്തിന് വേണ്ടി അമയ് മനോജും ഇഷാൻ കുനാലും മൂന്ന് വിക്കറ്റുകൾ വീതവും ഹൃഷികേശ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img