03:53am 24 September 2026
NEWS
ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ കേരളത്തിന് ആദ്യ തോൽവി ഒമാൻ്റെ വിജയം 15 റൺസിന്
23/09/2026  08:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ കേരളത്തിന് ആദ്യ തോൽവി ഒമാൻ്റെ വിജയം 15 റൺസിന്

മാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ ആതിഥേയരായ ഒമാനോട് 15 റൺസിൻ്റെ തോൽവി വഴങ്ങി കേരളം. ടൂർണ്ണമെന്റിൽ കേരളത്തിന്റെ ആദ്യ തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 48.4 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ ഇന്നിങ്സ് 48.3 ഓവറിൽ 225 റൺസിന് അവസാനിച്ചു.ഒമാൻ 48.4 ഓവറിൽ 240/10, കേരളം 48.3 ഓവറിൽ 225/10

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒമാൻ തുടക്കത്തിലെ തകർച്ചയിൽ നിന്നും ശക്തമായി തിരിച്ചു വന്നാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. മുൻനിര ബാറ്റർമാ‍ർ പരാജയപ്പെട്ടതോടെ ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 78 റൺസെന്ന നിലയിലായിരുന്നു ഒമാൻ. ആറാം വിക്കറ്റിൽ ക്യാപ്റ്റൻ വിനായക് ശുക്ലയും ജിതൻ രാമനന്ദിയും ചേർന്നുള്ള 83 റൺസിന്റെ കൂട്ടുകെട്ടാണ് ഒമാനെ കരകയറ്റിയത്. ജിതൻ 44ഉം വിനായക് 82ഉം റൺസെടുത്തു. 38 റൺസെടുത്ത ജീത് ഷായും ഒമാൻ ബാറ്റിങ് നിരയിൽ തിളങ്ങി. കേരളത്തിന് വേണ്ടി ശരത്ചന്ദ്രൻ മൂന്നും അഖിൽ സ്കറിയ, അബ്ദുൾ ബാസിദ്, വിഘ്നേഷ് പുത്തൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി രോഹൻ നായരും അബ്ദുൾ ബാസിദും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ഓപ്പണർമാരായ ഗോവിന്ദ് ദേവ് പൈ 25ഉം കൃഷ്ണപ്രസാദ് 16ഉം റൺസ് നേടി മടങ്ങി. അഖിൽ സ്കറിയ 24 റൺസെടുത്തപ്പോൾ സിജോമോൻ ജോസഫ് ഒൻപത് റൺസിനും നിഖിൽ തോട്ടത്ത് പൂജ്യത്തിനും പുറത്തായി. രോഹൻ നായരും അബ്ദുൾ ബാസിദും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 64 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 41 റൺസെടുത്ത അബ്ദുൾ ബാസിദ് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. ഒടുവിൽ 93 റൺസെടുത്ത രോഹൻ നായരും മടങ്ങിയതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. 48.3 ഓവറിൽ 225 റൺസിന് കേരളം ഓൾ ഔട്ടായി.  ഒമാന് വേണ്ടി ഷക്കീൽ അഹ്മദ്, നദീം ഖാൻ, മുജിബുർ അലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img