
സഹഅധ്യാപകനോടുള്ള ദേഷ്യത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച അധ്യാപികയെ സംരക്ഷിച്ച് പൊലീസ്. കിളിമാനൂർ രാജാ രവിവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖയെ പൊലീസ് സംരക്ഷിക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. സി ആർ ചന്ദ്രലേഖക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിട്ടും നടപടിയെടുക്കാൻ കിളിമാനൂർ പൊലീസ് തയാറാകുന്നില്ല എന്നാണ് ആക്ഷേപം.
തന്റെ സഹഅധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ വാർത്തയാണ് ചന്ദ്രലേഖ പ്രചരിപ്പിച്ചത്. ജനുവരിയിൽ വിദ്യാർത്ഥിനി അപസ്മാരം ബാധിച്ച് അവധിയിലായിരുന്ന കാലയവളിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. അപമാനഭാരത്താൽ പതിനാറുകാരിയായ വിദ്യാർത്ഥിനിക്ക് പഠനം നിർത്തേണ്ടി വന്നു. പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും തുടർന്ന് മേയ് 27 ന് മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
പിടിഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികക്കെതിരെ വകുപ്പുതല നടപടി എടുത്തത്. ജൂൺ അഞ്ചിന് ചന്ദ്രലേഖയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അതേദിവസം ഇവർക്കെതിരെ കിളിമാനൂർ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികൾ വൈകിപ്പിക്കുകയാണ്.











