
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായി. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വർണക്കപ്പിൽ മുത്തമിട്ടത്. 965.3 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 923.3 പോയിന്റ് നേടിയ മലപ്പുറം മൂന്നാം സ്ഥാനം കരസ്ഥമാക്കി. എന്നാൽ അത്ലറ്റിക്സ് മത്സരങ്ങളിൽ മലപ്പുറത്തിനായിരുന്നു ഒന്നാം സ്ഥാനം.
ഗെയിംസ്, അക്വാട്ടിക്സ് വിഭാഗങ്ങളിലെ മികച്ച പ്രകടനമാണ് തിരുവനന്തപുരത്തിന്റെ കിരീടനേട്ടത്തിന് കരുത്തായത്. ഗെയിംസ് ഇനങ്ങളിൽ 1310 പോയിന്റ് നേടിയ തിരുവനന്തപുരം 151 സ്വർണവും 92 വെള്ളിയും 106 വെങ്കലവും സ്വന്തമാക്കി. ഈ വിഭാഗത്തിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതെത്തിയപ്പോൾ 796 പോയിന്റോടെ തൃശൂർ മൂന്നാം സ്ഥാനത്തെത്തി.
അക്വാട്ടിക്സ് മത്സരങ്ങളിലും തിരുവനന്തപുരം തന്നെയായിരുന്നു മുന്നിൽ. 606 പോയിന്റാണ് ജില്ല നേടിയത്. 160 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 120 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനത്തുമെത്തി.
അതേസമയം, അത്ലറ്റിക്സ് വിഭാഗത്തിൽ മലപ്പുറം വ്യക്തമായ ആധിപത്യം പുലർത്തി. 204.3 പോയിന്റ് നേടിയ മലപ്പുറം 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവും സ്വന്തമാക്കിയാണ് ജേതാക്കളായത്. 161.5 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 109 പോയിന്റുമായി ആലപ്പുഴ മൂന്നാമതായി.
ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി, കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ എന്നീ സ്കൂളുകളുടെ മികവാണ് അത്ലറ്റിക്സിൽ മലപ്പുറത്തിന് നേട്ടമായത്. ഇതിൽ ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം വർഷവും അത്ലറ്റിക്സ് ചാമ്പ്യൻപട്ടം നിലനിർത്തി. 75.3 പോയിന്റ് നേടിയാണ് സ്കൂൾ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.










