11:35pm 09 June 2026
NEWS
സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി
09/06/2026  07:54 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി

കൊച്ചി : പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ ലഭിച്ചിരുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച നടപടി കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ആവശ്യപ്പെട്ടു.

വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് പകരം, സബ്സിഡി സിലിണ്ടറുകളുടെ എണ്ണം പ്രതിവർഷം ഒമ്പതിൽ നിന്ന് നാലായി കുറച്ചത് സാധാരണ കുടുംബങ്ങൾക്ക് മേൽ കൂടുതൽ സാമ്പത്തികഭാരം അടിച്ചേൽപ്പിക്കുന്ന നടപടിയാണ്. അർഹരായ കുടുംബങ്ങൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾ സബ്സിഡി നിരക്കിൽ ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി ആരംഭിച്ചത്. 

അടുക്കളപ്പുകയിലെ ദുരിതങ്ങളിൽ നിന്ന് സ്ത്രീകളെ മോചിപ്പിക്കുമെന്ന അവകാശവാദത്തോടെ ആരംഭിച്ച പദ്ധതി ഇന്ന് നാല് സിലിണ്ടറുകളായി ചുരുക്കപ്പെട്ടിരിക്കുന്നത് നിരാശാജനകമാണ്.

ഈ ജനവിരുദ്ധ നടപടിയിൽ നിന്ന് കേന്ദ്രസർക്കാരിനെ പിന്തിരിപ്പിക്കുന്നതിനായി കക്ഷിരാഷ്ട്രീയ, ജാതി, മത വേർതിരിവുകൾക്കതീതമായി വിശാലമായ ജനകീയ ഐക്യം രൂപപ്പെടുത്തി ജനാധിപത്യ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി നേതാക്കൾ ആഹ്വാനം ചെയ്തു.
പ്രൊഫ. കെ. അരവിന്ദാക്ഷൻ, ഡോ. എം.പി. മത്തായി, ഡോ. വിൻസൻ്റ് മാളിയേക്കൽ, അഡ്വ. സി.ആർ. നീലകണ്ഠൻ, എം. ഷാജർ ഖാൻ, ഫ്രാൻസിസ് കളത്തുങ്കൽ, ഹാഷിം ചേന്നാമ്പിള്ളി, പി.ജി. സുനിൽകുമാർ, പി.സി. ജോളി, ടി.ഡി. സ്റ്റീഫൻ, രാധാകൃഷ്ണൻ ചെങ്ങാട്ട്, പി.പി. അഗസ്റ്റിൻ, അശോകൻ സി.ബി., ശിവദാസൻ സി.കെ., കെ.കെ. ശോഭ, ഷാൻ കെ.ഒ., പി.പി. എബ്രഹാം, അഡ്വ. പോൾ ടി. സാമുവൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ഇക്കാര്യം ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img