
ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയാണ് പണം അനുവദിച്ചിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ അഞ്ച് ലക്ഷത്തിലധികം വീടുകളാണ് ( 5,00,038 വീടുകൾ) അനുവദിച്ചിട്ടുള്ളതെന്നാണ് 2024 മാർച്ച് വരെയുള്ള സർക്കാർ കണക്കുകൾ.
സംസ്ഥാനത്തെ മുഴുവൻ ഭവന രഹിതർക്കും സുരക്ഷിതമായ വീട് ഉറപ്പാക്കുന്ന ഭവന പദ്ധതിയാണ് ലൈഫ്. ഇതുവരെ 5684 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്.എട്ടുവർഷത്തിനുള്ളിൽ പദ്ധതിയിൽ 4,24,800 വീടുകൾ പൂർത്തിയാക്കി. 1,13,717 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്.
3,85,145 വീടുകളുടെ നിർമാണമാണ് മാർച്ച് വരെയുള്ള സമയത്ത് പൂർത്തിയായത്. 1,14,893 വീടുകളുടെ നിർമാണം നടന്നുവരികയാണെന്നും അന്ന് കണക്കുകൾ പുറത്തു വിട്ടിരുന്നു. അഞ്ചു ലക്ഷത്തിൽ 3805 അതിദരിദ്ര ഗുണഭോക്താക്കളുടെ വീടുകളും ഉൾപ്പെടുന്നു. അവരുടെ 1500 വീടുകൾ പൂർത്തിയായി. 2305 വീടുകൾ നിർമാണ പുരോഗതിയിലാണ്.











