
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ശതമാനം വിജയമാണ് ഇക്കുറി. കഴിഞ്ഞ വർഷത്തെ 99.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വിജയശതമാനത്തിൽ നേരിയ കുറവുണ്ടായി. കേരളത്തിലും ഗൾഫ് മേഖലയിലുമായി 3059 സ്കൂളുകളിലായി നടന്ന പരീക്ഷയിൽ 4,14,290 വിദ്യാർഥികളാണ് പങ്കെടുത്തത്. ഇതിൽ 4,10,456 പേർ ഉന്നത പഠനത്തിന് അർഹത നേടി.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇത്തവണ ഇടിവുണ്ട്. 30,514 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 61,444 ആയിരുന്നു. ജില്ലകളിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയത് പത്തനംതിട്ടയാണ് – 99.73 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ് – 97.99 ശതമാനം.
പാഠ്യപദ്ധതിയിൽ വരുത്തിയ മാറ്റങ്ങളാകാം വിജയശതമാനം കുറയാൻ കാരണമായതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ വിലയിരുത്തി. പുനർമൂല്യനിർണയത്തിന് മേയ് 16 മുതൽ 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ ജൂൺ ആദ്യവാരത്തിൽ നടക്കും. അതിന്റെ ഫലം ജൂൺ അവസാനത്തോടെ പ്രസിദ്ധീകരിക്കും.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫാണ് വാർത്താസമ്മേളനത്തിൽ ഫലപ്രഖ്യാപനം നടത്തിയത്. ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും വിദ്യാർഥികൾക്ക് രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഫലം പരിശോധിക്കാനാകും.
വെബ്സൈറ്റുകൾ:
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in










