
കേരളത്തിലെ കർഷകർക്ക് സൗരോർജ പമ്പുകൾ നൽകാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതിയിൽ വൻ അഴിമതിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളിൽ ഒന്നായി പദ്ധതി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. നൂറുകോടി രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.
സൗരോർജ്ജ പമ്പുകൾ സ്ഥാപിക്കാനായി കേന്ദ്രസർക്കാർ നിശ്ചയിച്ച റേറ്റിന്റെ ഇരട്ടിയിലേറെ റേറ്റിനാണ് കേരളം ടെൻഡർ നൽകിയതെന്നാണ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രം നിശ്ചയിച്ച റേറ്റിന്റെ 60 ശതമാനം മുതൽ 147 ശതമാനം വരെ വർധനവുണ്ടായെന്നും ഏതാണ്ട് നൂറുകോടി രൂപയുടെ വ്യത്യാസമാണ് വരുത്തിയതെന്നും വാർത്താസമ്മേളനത്തിൽ ചെന്നിത്തല വ്യക്തമാക്കി.
അഞ്ചു കോടി രൂപയ്ക്കു മാത്രം ടെൻഡർ വിളിക്കാൻ അധികാരമുള്ള അനർട്ട് സിഇഒ 240 കോടിയുടെ ടെൻഡർ വിളിച്ചെന്ന് ചെന്നിത്തല ആരോപിക്കുന്നു. ആദ്യ ടെൻഡറിൽ, കേന്ദ്രസർക്കാർ നിശ്ചയിച്ച ബെഞ്ച് മാർക്ക് നിരക്കിൽ നിന്ന് അധികം വ്യത്യാസമില്ലാതെ നിരക്ക് സമർപ്പിച്ച കമ്പനിയെ നീക്കം ചെയ്ത് വീണ്ടും ബിഡ് നടത്താൻ തീരുമാനിച്ചതും ക്രമക്കേടാണ്. റീ ടെൻഡറിൽ എട്ടു കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. എന്നാൽ റീടെണ്ടറിൽ ബെഞ്ച് മാർക്ക് തുകയേക്കാൾ ഇരട്ടിയിലേറെ തുകയാണ് കമ്പനികൾ ക്വോട്ട് ചെയ്തത്. ഇതിൽ ഒരു കമ്പനിക്ക് ഇ ടെൻഡർ തുറന്ന ശേഷം മാറ്റങ്ങൾ വരുത്താൻ അനുവദിക്കുകയും ചെയ്തു. ടെക്നിക്കൽ ഗ്രേഡിങ്ങിൽ പുറത്തായ കമ്പനികൾക്കു വരെ കരാർ നൽകിയെന്നും ചെന്നിത്തല ആരോപിക്കുന്നു.
സോളാർ പ്ലാന്റിനായി സംസ്ഥാനത്തിന് ഒരു അടിസ്ഥാന വില നിശ്ചയിക്കുന്നതിന് 2021 ജൂലൈ 13 ന് ഊർജ്ജ വകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന അനെർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അനുമതി നൽകിയിരുന്നു. ഇതിനായി ഒരു കമ്മിറ്റിയെയും നിശ്ചയിച്ചിരുന്നു. എന്നാൽ അനെർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഈ തീരുമാനം ഇതുവരെയും അനെർട്ട് സി.ഇ.ഒ നടപ്പിലാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു..
ഈ കമ്മിറ്റി അടിസ്ഥാന വില നിശ്ചയിച്ചിരുന്നെങ്കിൽ അനർട്ട് മുഖേനെ കേരളത്തിൽ നടപ്പാക്കുന്ന എല്ലാ സൗരോർജ്ജ പദ്ധതികൾക്കും ഈ ഏകീകൃത റേറ്റ് നിലവിൽ വരുമായിരുന്നു. നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും വഴി നടപ്പാക്കുന്ന പദ്ധതിക്ക് ഏകീകൃത റേറ്റ് അല്ല പല റേറ്റുകളാണ് വാങ്ങുന്നത്. ഇതുവഴി ഉണ്ടാകുന്ന വൻ അഴിമതിയും തടയാൻ സാധിക്കുമായിരുന്നു. 240 കോടി രൂപ വരുന്ന ഈ പദ്ധതിയുടെ ടെൻഡർ ക്ഷണിച്ചതും, വർക്ക് ഓർഡർ നൽകിയതും ആയ ഫയലുകൾ ഫിനാൻസ്, പർച്ചേയിസ് വിഭാഗത്തിലുള്ളവരെ കാണിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ആരോപിക്കുന്നു.താല്കാലിക ജീവനക്കാർക്കാണ് ഇതുസംബന്ധിച്ച പല ചുമതലകളും നല്കിയതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.











