04:32pm 11 November 2026
NEWS
പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചു; സി.പി.ഐയുടെ കടുത്ത എതിർപ്പ് അവഗണിച്ച് സി.പി.എം, മുന്നണിയിൽ ഭിന്നത രൂക്ഷം:
​ കേരളത്തിന് 1500 കോടി ഉടൻ ലഭിക്കും; സി.പി.ഐ നിലപാടിൽ ഉറച്ചു, അടിയന്തര നേതൃയോഗം ഇന്ന്


24/10/2025  10:47 AM IST
സുരേഷ് വണ്ടന്നൂർ
പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചു; സി.പി.ഐയുടെ കടുത്ത എതിർപ്പ് അവഗണിച്ച് സി.പി.എം, മുന്നണിയിൽ ഭിന്നത രൂക്ഷം: ​ കേരളത്തിന് 1500 കോടി ഉടൻ ലഭിക്കും; സി.പി.ഐ നിലപാടിൽ ഉറച്ചു, അടിയന്തര നേതൃയോഗം ഇന്ന്

തിരുവനന്തപുരം: സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ച് സി.പി.ഐ ഉയർത്തിയ കടുത്ത എതിർപ്പിനെ പൂർണ്ണമായും അവഗണിച്ച് കേന്ദ്രത്തിന്റെ പി.എം. ശ്രീ (പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതിയിൽ കേരളം ഒപ്പുവച്ചു. ഇന്നലെ സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗം ചേർന്ന് നിലപാടിൽ ഉറച്ചുനിൽക്കാനും സി.പി.എം ധാർഷ്ട്യത്തിന് കീഴ്പ്പെടരുതെന്നും തീരുമാനമെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകി ഡൽഹിയിൽ ധാരണാ പത്രത്തിൽ  ഒപ്പുവെച്ചത്.
​ഇതോടെ ഭരണമുന്നണിയിൽ സി.പി.ഐ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പദ്ധതി പ്രകാരം കേരളത്തിന് അർഹതപ്പെട്ട 1500 കോടി ഉടൻ അനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. തമിഴ്നാടും പശ്ചിമ ബംഗാളും മാത്രമാണ് നിലവിൽ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കുന്ന സംസ്ഥാനങ്ങൾ.

​സി.പി.ഐ എതിർപ്പ് അവഗണിച്ചു:

മുൻപ് പി.എം. ശ്രീ പദ്ധതി മന്ത്രിസഭ പരിഗണനക്കെടുത്തപ്പോൾ സി.പി.ഐ മന്ത്രിമാർ ശക്തമായ എതിർപ്പ് അറിയിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി എൽ.ഡി.എഫിൽ ചർച്ച ചെയ്യാമെന്ന് പറഞ്ഞ് മാറ്റിവെക്കുകയായിരുന്നു. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, വിദ്യാഭ്യാസ വകുപ്പിനെ നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കുകയും ചെയ്തു. പി.എം. ശ്രീയിൽ ഒപ്പുവെക്കാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിനുള്ള കേന്ദ്ര ഫണ്ട് തടഞ്ഞുവച്ചിരുന്നു. 2022-27 കാലയളവിലേക്കുള്ളതാണ് പി.എം. ശ്രീ പദ്ധതി.

​336 സ്കൂളുകൾക്ക് പ്രയോജനം:

യൂണിഫോം, ശമ്പളം, പാഠപുസ്തകം തുടങ്ങിയ ആവശ്യങ്ങൾക്കാണ് പി.എം. ശ്രീ ഫണ്ട് ഉപയോഗിക്കുക. ഒരു ബ്ലോക്ക് റിസോഴ്സ് സെന്ററിലെ  രണ്ട് സ്കൂളുകൾക്കാണ് പി.എം. ശ്രീ പദവി ലഭിക്കുക. കേരളത്തിൽ 168 ബി.ആർ.സികളാണ് ഉള്ളത്. അതായത്, 336 സ്കൂളുകൾക്ക് ഫണ്ട് ലഭിക്കും. ഒരു സ്കൂളിന് ഒരു വർഷം പരമാവധി ഒരു കോടി രൂപ വരെയാണ് ലഭിക്കുക. ഇതിന്റെ 40 ശതമാനം സംസ്ഥാനമാണ് വഹിക്കേണ്ടത്.

​മുന്നണി മര്യാദയുടെ ലംഘനം; സി.പി.ഐ നേതൃയോഗം ഇന്ന്:

മുന്നണി മര്യാദയുടെ ലംഘനമാണ് സി.പി.എം ചെയ്തതെന്ന വിലയിരുത്തലോടെ സി.പി.ഐ ഇന്ന് അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഓൺലൈനായാണ് യോഗം ചേരുക. യോഗത്തിന് ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് നിലപാട് വിശദീകരിക്കും. ഇന്നലെ പാർട്ടിയുടെ ഭാഗത്തുനിന്ന് പരസ്യ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം, വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ് സമരരംഗത്തേക്ക് ഇറങ്ങാൻ തീരുമാനമെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img