
കൊല്ലം: കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോൾ ചർച്ചയാകുന്നത് കേരളശബ്ദത്തിന്റെ നിലപാടുകളും ഈ ലക്കത്തിലെ കവർചിത്രവും. കഴിഞ്ഞ കുറേക്കാലമായി സംസ്ഥാന സർക്കാരിന്റെ ധൂർത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ നിരന്തരം എഴുതുന്ന സ്വതന്ത്ര രാഷ്ട്രീയ വാരികയാണ് കേരളശബ്ദം. 2021ൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകും എന്ന് ആദ്യം പറഞ്ഞ അതേ കേരളശബ്ദം, ഇക്കുറി ഇടതുമുന്നണിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയെന്ന് വളരെ നേരത്തേ തന്നെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് നാലുദിവസം മുമ്പ് പുറത്തിറങ്ങിയ ഈ ലക്കം കേരളശബ്ദത്തിലും കേരളത്തിൽ യുഡിഎഫിന് ഉണ്ടാകാൻ പോകുന്ന വിജയത്തെ മഹാ വിസ്മയം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ ധൂർത്തിനും ധാർഷ്ട്യത്തിനുമെതിരെ കേരളശബ്ദം നിരന്തരം മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പ്രചാരണവും ഇടതുമുന്നണിക്ക് ദോഷം ചെയ്യുമെന്നും കേരളശബ്ദം ലേഖനങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവുമൊടുവിൽ കേരളത്തിൽ വലിയ ചർച്ചയായ, ബി അശോക് ഐഎഎസിന്റെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചത് കേരളശബ്ദമായിരുന്നു. ഇനിയും ഇടതുമുന്നണി സർക്കാരിന് തുടർച്ചയുണ്ടായാൽ ഫാഷിസ്റ്റ് സ്വഭാവത്തിലേക്ക് പൂർണമായും മാറും എന്ന് ബി അശോക് ഐഎഎസ് കേരളശബ്ദത്തിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരിന്റെ അധികാര ദുർവിനിയോഗം അദ്ദേഹം തന്റെ ലേഖനങ്ങളിൽ അക്കമിട്ട് നിരത്തി. തുടർന്ന് വാർത്താ ചാനലുകൾ ഉൾപ്പെടെ ഈ ലേഖനത്തെ കുറിച്ച് ചർച്ച ചെയ്തു.
ധൂർത്തും ധാർഷ്ട്യവുമായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ മുഖമുദ്രയെന്ന് കേരളശബ്ദം ആദ്യകാലംമുതൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കോടികൾ ചിലവഴിച്ച് നടത്തിയ മന്ത്രിസഭാ ബസ് യാത്രയും മറ്റു പി ആർ വർക്കുകളും സർക്കാരിന്റെ ഇടതു സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നു എന്നും കേരളശബ്ദം വിമർശനം ഉയർത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് അതിശക്തമായ തിരിച്ചടിയുണ്ടായപ്പോഴും ധൂർത്തും ധാർഷ്ട്യവും ഒഴിവാക്കണമെന്ന് കേരളശബ്ദം ആവർത്തിച്ചു. എന്നാൽ, തിരുത്താനോ നഷ്ടമാകുന്ന ജനകീയത തിരിച്ചുപിടിക്കാനോ ഒന്നും ചെയ്യാൻ ഇടതുപക്ഷം തയ്യാറായില്ല.
2021ൽ ഇടതു സർക്കാരിന് തുടർച്ചയുണ്ടാകുമെന്ന് ആദ്യം പറഞ്ഞത് കേരളശബ്ദം ആയിരുന്നു. അന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ അതിനെ തള്ളി രംഗത്തെത്തിയിരുന്നു. എന്നാൽ, കൃത്യമായ രാഷ്ട്രീയ വിശകലനം നടത്തുന്ന സ്വതന്ത്ര മാധ്യമം എന്ന നിലയിൽ കേരളശബ്ദം പറഞ്ഞത് വാസ്തവമെന്ന് പിന്നീട് കേരളീയ പൊതുസമൂഹത്തിന് ബോധ്യമായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം നടന്ന ധൂർത്തും മറ്റ് വിവാദങ്ങളുമെല്ലാം സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ജനകീയത ഇല്ലാതാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സൂപ്പർ മുഖ്യമന്ത്രി ചമഞ്ഞതും ന്യൂനപക്ഷത്തിനെതിരെ വിദ്വേഷ പ്രസ്താവനകൾ നടത്തിയതുമെല്ലാം ജനത്തെ സർക്കാരിൽ നിന്നും അതുവഴി ഇടതുപക്ഷത്ത് നിന്നും അകറ്റി. ഇഷ്ടമില്ലാത്തവർ സ്വന്തം പാർട്ടിയിൽപെട്ടവരാണെങ്കിലും രാഷ്ട്രീയമായി ഇല്ലാതാക്കുന്ന നശീകരണ നയംമൂലം സിപിഎമ്മും സിപിഐയും സ്വയം ദുർബലപ്പെട്ടു. പിണറായി വിജയനും അനുചരന്മാരും എന്ന നിലയിലേക്ക് സർക്കാരും മുന്നണിയും പാർട്ടിയും ഒതുങ്ങിയതോടെ ഇടതുപക്ഷത്ത് പുതിയ ജനകീയ നേതാക്കൾ ഉദയംകൊള്ളാതെയായി. ജനത്തെ ആകർഷിക്കാനും ആവേശംകൊള്ളിക്കാനും കഴിയുന്ന യുവനിരയുടെ അഭാവവും ഇടതുപക്ഷത്തിന്റെ പതനത്തിന് ആക്കംകൂട്ടി.
ഇക്കാര്യങ്ങളെല്ലാംതന്നെ കാലാകാലങ്ങളിൽ വിശകലനം ചെയ്ത് വ്യക്തമായി തന്നെ കേരളശബ്ദം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. എന്നാൽ, സുഖലോലുപതയിൽ ആറാടിയ ഇടത് നേതൃത്വം അതൊന്നും ചെവിക്കൊണ്ടില്ല. സൗജന്യങ്ങൾ നൽകി ജനത്തെ പാട്ടിലാക്കാം എന്ന വ്യർത്ഥചിന്തയും നേതാക്കൾ വച്ചുപുലർത്തി. കേരളശബ്ദം നൽകിയ മുന്നറിയിപ്പുകൾ പിന്നീട് മറ്റു മാധ്യമങ്ങൾ ഏറ്റെടുത്തു.
സംസ്ഥാന സർക്കാരിന്റെ ധൂർത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് കോടികൾ മുടക്കിനടത്തിയ പിആർ വർക്ക്. തെരഞ്ഞെടുപ്പിൽ ഇടതു തരംഗമുണ്ടെന്ന തരത്തിൽ മാധ്യമങ്ങൾക്ക് കാശുനൽകി വാർത്ത എഴുതിച്ചു. ആ പണം വാങ്ങാനും കേരളശബ്ദം തയ്യാറായില്ല. കൂലിയെഴുത്തല്ല ഞങ്ങളുടെ മാധ്യമപ്രവർത്തനം എന്ന് തന്റേടത്തോടെ പറയാൻ കേരളശബ്ദത്തിന് സാധിച്ചു.
ജനങ്ങളാണ് യജമാനന്മാർ എന്ന പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. എംഎൻ ഗോവിന്ദൻനായരും ഇഎംഎസും എകെജിയും ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ തങ്ങൾക്കുള്ള സമ്പാദ്യമെല്ലാം പാർട്ടിക്ക് നൽകി വളർത്തിയെടുത്ത പ്രസ്ഥാനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ. ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തെ ഫാഷനും പ്രൊഫഷനുമാക്കി ഒരുസംഘം ആളുകൾ മാറ്റി. കരിയർ ഗ്രോത്തിനായി സഖാക്കളെ തന്നെ തഴഞ്ഞും തള്ളിപ്പറഞ്ഞും തള്ളിക്കളഞ്ഞും മുന്നേറി. ജി സുധാകരൻ ഉൾപ്പെടെയുള്ള സമർത്ഥരായ നേതാക്കളെ ഒതുക്കി. ഇതെല്ലാം മാറിയ കാലത്ത് ജനത്തിന് ഏറ്റവും വേഗം മനസ്സിലാകുമെന്നകാര്യം സിപിഎം നേതൃത്വത്തിന് മനസ്സിലാകാതെ പോയി. ഇതും ഇപ്പോഴത്തെ പരാജയത്തിന്റെ ശക്തികൂട്ടി.
കേരളത്തിലെ ഏക സ്വതന്ത്ര രാഷ്ട്രീയ വാരികയായ കേരളശബ്ദത്തിന്റെ പ്രസക്തി കൂടി ബോധ്യപ്പെടുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കേരളശബ്ദത്തിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളും വിശകലനങ്ങളും 100 ശതമനം യാഥാർത്ഥ്യബോധത്തോടുകൂടിയുള്ളതാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.










